അവണ്ടുര്ച്ചാല് പാലം പണി മണ്ണു പരിശോധനയില്‍ ഒതുങ്ങി: കാത്തിരിപ്പു നീളുന്നു
എടക്കുളം: സംസ്ഥാന ബജറ്റില്‍ സ്ഥാനം പിടിച്ചിട്ടും പടിയൂര്‍ – പൂമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അവുണ്ടര്ച്ചാലിനു കുറുകേ പാലത്തിനുവേണ്ടി ഇരുകരകളിലെയും ജനങ്ങള്‍ ഇനിയും കാത്തിരിക്കണം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണു ബജറ്റില്‍ അവുണ്ടര്ച്ചാലിനു കുറുകെ പാലം നിര്‍മിക്കുമെന്നു പ്രഖ്യാപിച്ചത്. കഴിഞ്ഞ ബജറ്റിലും പാലം ഇടംപിടിച്ചിരുന്നു. എന്നാല്‍, ഇതുവരെയും അതിനുള്ള പദ്ധതി തയാറാക്കാന്‍ കഴിഞ്ഞട്ടില്ല.
സ്ഥലത്തെ മണ്ണ്, സാന്ദ്രത എന്നിവ പരിശോധിച്ച് പിഡബ്ലൂഡി ബ്രിഡ്ജസ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ താല്കാലികമായി ഒരു ഡിസൈന്‍ തയാറാക്കിയിരുന്നു. എന്നാല്‍ ഡ്രാഫ്റ്റ് ഡിസൈന്‍ ലഭിച്ചെങ്കിലും ഒഴുക്കിന്റെ ശക്തി എത്രയുണ്ടെന്നു പരിശോധിക്കാനാണ് ഉദ്യോഗസ്ഥരുടെ നീക്കം. ഇതിനുള്ള വിദഗ്ധസംഘം അധികം വൈകാതെ സ്ഥത്തെത്തി ഒഴുക്ക് പരിശോധിച്ചശേഷം അന്തിമ രൂപരേഖ തയാറാക്കുമെന്ന് അവര്‍ വ്യക്തമാക്കി.
1.2 കോടി രൂപയാണു പാലത്തിനു ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ഗതാഗതത്തിരക്ക് ഇല്ലാത്തതിനാല്‍ താഴ്ന്നനിലയില്‍ പാലം നിര്‍മിക്കാനാണു പദ്ധതി. ചാലിനു കുറുകെയായി 30 മീറ്റര്‍ നീളത്തില്‍ പാലം നിര്‍മിക്കേണ്ടിവരുമെന്നാണു കരുതുന്നത്. അധികം ട്രാഫിക് ഇല്ലാത്ത സ്ഥലമല്ലാത്തതിനാല് ലോ ലെവല്‍ പാലം നിര്‍മിക്കാനാണു പദ്ധതി. എന്നാല്‍, ചാലിനു കുറുകെ പാലം താഴ്ത്തി നിര്‍മിച്ചാല്‍ താഴെ ചണ്ടി വന്ന് അടയുമോയെന്ന ആശങ്ക പ്രദേശവാസികള്‍ക്കുണ്ട്. ചാലിലെ വെള്ളത്തിന്റെ ഒഴുക്ക് പരിശോധിച്ചശേഷം അതനുസരിച്ച് അന്തിമ രൂപരേഖ തയാറാക്കിവേണം പദ്ധതി സമര്‍പ്പിക്കാനെന്ന് പിഡബ്ലൂഡി ബ്രിഡ്ജസ് വിഭാഗം വ്യക്തമാക്കി. പദ്ധതിക്ക് അംഗീകാരം ലഭിച്ചാല്‍ മാത്രമേ തുടര്‍നടപടികളിലേക്ക് കടക്കാന്‍ കഴികയുള്ളൂവെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.