പരിമിതികളിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി അനന്യരാകണം: സന്തോഷ് ജോര്‍ജ് കുളങ്ങര
ഇരിങ്ങാലക്കുട:പരിമിതിക്കുള്ളില്‍ സാധ്യതകളെ കണ്ടെത്തി അനന്യരാകുമ്പോഴേ ലോകം നിങ്ങളെ ഓര്‍മിക്കുകയുള്ളൂ എന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര. ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സ്കൂളിന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച അധ്യാപക സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രത്തന്‍ ബഹാദൂര്‍ ലാളിചാനെ എന്ന ഒരു നേപ്പാളി പൈലറ്റ് നല്കിയ പ്രോത്സാഹനമാണ് സന്തോഷ് ജോര്‍ജ് കുളങ്ങര എന്ന ഒരു ലോക സഞ്ചാരിയെ സൃഷ്ടിച്ചത് എന്നും അദ്ദേഹത്തിന്റെ കൂടെയുള്ള ഒന്നരമണിക്കൂറാണ് തന്റെ ജീവിതത്തെ മാറ്റിമറിച്ചത് എന്നും പറഞ്ഞ അദ്ദേഹം 12 വര്‍ഷം തന്റെ കൈകളിലൂടെ കടന്നുപോകുന്ന ഒരു വിദ്യാര്‍ത്ഥിയെ മാറ്റിയെടുക്കാന്‍ അധ്യാപകര്‍ക്ക് തീര്‍ച്ചയായും കഴിയണമെന്നും ഉത്ബോധിപ്പിച്ചു.
പൗരബോധമുള്ള മികച്ച വ്യക്തികളെ സൃഷ്ടിക്കാന്‍ വിദ്യാഭ്യാസത്തിലൂടെ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് നടന്ന സഞ്ചാരിയുമായി ഒരു സല്ലാപം എന്ന പരിപാടിയില്‍ സെബി മാളിയേക്കല്‍ മോഡറേറ്റര്‍ ആയിരുന്നു.അധ്യാപക പ്രതിനിധികള്‍ സംവദിച്ചു. ഹൊസൂര്‍ രൂപത ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പില്‍ മുഖ്യാതിഥി ആയിരുന്നു. ഡോണ്‍ ബോസ്കോ ഫാ. ഇമ്മാനുവല്‍ വട്ടക്കുന്നേല്‍ ഡോണ്‍ ബോസ്കോയുടെ ഉപഹാരം സന്തോഷ് ജോര്‍ജ് കുളങ്ങരക്ക് സമ്മാനിച്ചു. റെക്ടര്‍ ഫാ. ഇമ്മാനുവല്‍ സ്വാഗതവും ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ സന്തോഷ് മാത്യു നന്ദിയും പറഞ്ഞു. ഫാ. മനു പീടികയില്‍, ഫാ. ജോയിസന്‍ മുളവരിക്കല്‍, ഫാ. ജോസിന് താഴത്തേട്ട്, സിസ്റ്റര്‍ വി.പി ഓമന, ലൈസ സെബാസ്റ്റ്യന്‍, സിബി അക്കരക്കാരന്‍, ടെല്‍സന്‍ കോട്ടോളി, ശിവപ്രസാദ് ശ്രീധരന് എന്നിവര്‍ പ്രസംഗിച്ചു. അധ്യാപികമാരായ സംഗീതാ സാഗര്‍, ലിഷ കുര്യന് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.