പൊറത്തിശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിനും ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിക്കുമായി 39.58 ലക്ഷം രൂപയുടെ വികസന പദ്ധതിക്ക് കൗണ്‍സില്‍ അംഗീകാരം നല്കി
ഇരിങ്ങാലക്കുട: പൊറത്തിശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിനും ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിക്കുമായി 39.58 ലക്ഷം രൂപയുടെ പദ്ധതിക്ക് ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സില്‍ അംഗീകാരം നല്കി. പൊറത്തിശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ലാബ് നവീകരണം, ലാബിലേക്ക് റീ ഏജന്റുകള്‍ വാങ്ങല്‍, ഫ്രിഡ്ജും മറ്റ് ഉപകരണങ്ങളും വാങ്ങല്‍, ലാബിലേക്കെത്തുന്ന രോഗികള്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തല്‍, ബയോ മെഡിക്കല്‍ വെയ്സ്റ്റ് മാനേജ്മെന്റ് റൂം സജ്ജീകരിക്കല്‍, ലാബിലേക്ക് കംപ്യൂട്ടറുകള്‍ വാങ്ങല്‍, മൂന്ന് സബ്ബ് സെന്ററുകളുടെ നവീകരണം, ജീവനക്കാര്‍ക്ക് പരിശീലനം നല്കല് എന്നിവയ്ക്കായി 18.70 ലക്ഷം രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്.
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ലാബിലേക്ക് ഉപകരണങ്ങള്‍, റീ ഏജന്റുകള്‍ വാങ്ങുന്നതിനും ലാബിലെത്തുന്ന രോഗികള്‍ക്ക് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ബയോ മെഡിക്കല്‍ വെയ്സ്റ്റ് മാനേജ്മെന്റ് റൂം സജ്ജമാക്കുന്നതിനും ലാബ് ജീവനക്കാര്‍ക്ക് പരിശീലനം നല്കുന്നതിനുമായി 20.88 ലക്ഷം രൂപയുടെ പദ്ധതികള്‍ക്കും കൗണ്‍സില്‍ അംഗീകാരം നല്കി. ഹരിത കര്‍മസേനാംഗങ്ങളുടെ ജോലി പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് നടത്തിയ മാറ്റങ്ങള്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ അറിവോടെയല്ലെന്നും വിഷയത്തില്‍ ചെയര്‍പേഴ്സണ്‍ നിലപാട് വ്യക്തമാക്കണമെന്നും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത് ആവശ്യപ്പെട്ടു.
ജനപ്രതിനിധികളെ അറിയിക്കാതെ നടത്തുന്ന പരിഷ്കാരങ്ങള്‍ ധിക്കാരപരമായ സമീപനമാണന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും എല്‍ഡിഎഫ് വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യം തന്റെ അറിവോടെയല്ലെന്നും ആരോഗ്യ വിഭാഗത്തോട് ഇതിന്റെ വിശദീകരണം ചോദിക്കുമെന്നും ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ യോഗത്തെ അറിയിച്ചു.
ജനപ്രതിനിധികളുടെ അഭിപ്രായങ്ങള്‍ മാനിക്കാതെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നു, ഇരിങ്ങാലക്കുട നഗരസഭ യോഗത്തില്‍ പ്രതിപക്ഷ അംഗങ്ങളുടെ വിമര്‍ശനം
ഇരിങ്ങാലക്കുട: ജനപ്രതിനിധികളുടെ അഭിപ്രായങ്ങള്‍ മാനിക്കാതെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതായി ഇരിങ്ങാലക്കുട നഗരസഭ യോഗത്തില്‍ പ്രതിപക്ഷ അംഗങ്ങളുടെ വിമര്‍ശനം. ഹരിത കര്‍മസേനയുമായി ബന്ധപ്പെട്ട് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥന് സ്വീകരിച്ച നടപടി താന്‍ അറിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യ വിഭാഗം സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അംബിക പള്ളിപ്പുറത്താണ് വിമര്‍ശനങ്ങള്‍ക്ക് തുടക്കമിട്ടത്. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അറിയാതെ ഒരു പരിഷ്ക്കാരത്തിനും നടപ്പാക്കേണ്ടതില്ലെന്നും ഒരു ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നുണ്ടായത് ധിക്കാരപരമായ നടപടിയാണെന്നും എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ. കെ.ആര്. വിജയയും തുടര്‍ന്ന് കുറ്റപ്പെടുത്തി.
പട്ടണത്തിലെ വിവിധ റോഡുകളില്‍ പുല്ലുകള്‍ ക്രമാതീതമായി വളര്‍ന്ന് കഴിഞ്ഞുവെന്നും എന്നാല്‍ ഇവ വെട്ടിക്കുന്ന കാര്യത്തില്‍ ആരോഗ്യ വിഭാഗം ശ്രദ്ധിക്കുന്നില്ലെന്നും നഗരസഭയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ എണ്ണം കൂടുതലാണെന്നും എല്‍ഡിഎഫ് അംഗം സി.സി. ഷിബിനും പറഞ്ഞു. വാര്‍ഡുകളിലെ പുല്ല് വെട്ടല്‍ കൃത്യമായി നടക്കുന്നില്ലെന്ന് പ്രതിപക്ഷാംഗങ്ങളായ അഡ്വ ജിഷ ജോബി , ഷെല്ലി വില്സന് എന്നിവരും കുറ്റപ്പെടുത്തി.
വിവിധ വാര്‍ഡുകളിലെ പുല്ല് വെട്ടല്‍ സംബന്ധിച്ച് ചാര്‍ട്ട് തയാറാക്കിയിട്ടുണ്ടെന്നും ജെഎച്ച് ഐ മാര്‍ ഇതിന് മേല്‍നോട്ടം വഹിക്കണമെന്നും വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ചെയര്‍പേഴ്സണ്‍ പറഞ്ഞു. എംപി ഫണ്ട് ഉപയോഗിച്ച് നഗരസഭ പരിധിയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിക്കുന്ന ഹൈ/ മിനി മാസ്റ്റ് ലൈറ്റുകളുടെ പട്ടികയില്‍ പൊറത്തിശേരി മേഖലയ്ക്ക് അര്‍ഹമായ പ്രാതിനിധ്യം കിട്ടിയില്ലെന്നും പരാതി ഉയര്‍ന്നു. ഭരണപക്ഷ അംഗങ്ങളുടെ വാര്‍ഡുകളിലേക്ക് എംഎല്‍എ ഫണ്ട് ലഭിക്കുന്നില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ഭരണകക്ഷി അംഗം ബൈജു കുറ്റിക്കാടന്‍ പറഞ്ഞു.
അപേക്ഷകളും ആവശ്യങ്ങളും കണ്ടറിഞ്ഞാണ് എംപി വിവിധ വാര്‍ഡുകളിലേക്ക് ലൈറ്റുകള്‍ അനുവദിച്ചിരിക്കുന്നതെന്നും മാലിന്യ സംസ്കരണ പദ്ധതിക്കായി എംഎല്‍എ ഫണ്ട് കിട്ടിയിട്ടില്ലെന്നും രണ്ട് വര്‍ഷത്തിനുള്ളില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വൈസ് ചെയര്മാന് ടി.വി. ചാര്‍ലി പറഞ്ഞു.നഗരസഭയില്‍ കൃത്യമായ ഫയലിംഗ് സംവിധാനം നടപ്പിലാക്കണമെന്നും ഫയലുകള്‍ അപ്രത്യക്ഷമാകുന്ന സ്ഥിതി വിശേഷം തുടരുകയാണെന്നും പ്രതിപക്ഷ അംഗം കെ. പ്രവീണ്‍ പറഞ്ഞു. വിഷയം ശ്രദ്ധയില്‍ വന്നിട്ടുണ്ടെന്നും റെക്കോര്‍ഡ്സ് റൂം സജ്ജീകരിച്ച് വരികയാണെന്നും ചെയര്‍പേഴ്സണ്‍ മറുപടി നല്കി. നഗരസഭ പരിധിയിലെ കോണ്‍ക്രീറ്റ് നവീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ബിജെപി അംഗം സന്തോഷ് ബോബനും ആവശ്യപ്പെട്ടു. യോഗത്തില്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ ടി.കെ. ജയാനന്ദന്, ടി.കെ. ഷാജു, വിജയകുമാരി അനിലന്‍ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.