മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവുകള്‍ക്കായി കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കണമെന്നു കുടുംബം
ഇരിങ്ങാലക്കുട : അയര്‍ലൻഡില്‍ മരിച്ച പൊറത്തിശേരി സ്വദേശി ചിറ്റിലപ്പിള്ളി വീട്ടില്‍ വിന്‍സെന്റിന്റെ (72) കുടുംബാംഗങ്ങളെ ടി.എന്‍. പ്രതാപന് എംപി സന്ദര്‍ശിച്ചു. മൃതദേഹം നാട്ടിലെത്തിക്കുവാന്‍ 12 ലക്ഷം രൂപയോളം ചെലവു വരുമെന്നും കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം ഇപ്പോള്‍ തിരികെ ലഭിക്കുകയാണെങ്കില്‍ ഇതിനുള്ള സാമ്പത്തിക ചെലവുകള്‍ക്കായി ഉപകാരപ്പെടുമെന്നും ഇക്കാര്യത്തില്‍ നടപടി ഉണ്ടാകണമെന്നും കുടുംബാംഗങ്ങള്‍ എംപിയോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ എംബസി വഴിയും അയര്‍ലൻഡിലെ മലയാളി സമൂഹവുമായി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തുകയാണെന്നും കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും എംപി കുടുംബാംഗങ്ങള്‍ക്ക് ഉറപ്പു നല്കി.
കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കുന്നതിനു സഹകരണ വകുപ്പും സംസ്ഥാന സര്‍ക്കാരും അടിയന്തരമായി ഇടപെടണമെന്നും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കണമെന്നും ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കു കത്തുനല്‍കുമെന്നും എംപി പറഞ്ഞു. വിന്‍സെന്റ് അയര്‍ലൻഡിലെ ദ്രോഗഡയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് സ്ട്രോക്കുമൂലം മരിച്ചത്. രാജസ്ഥാനില്‍ 28 വര്‍ഷത്തോളം ജോലിചെയ്ത വിന്‍സെന്റിന്റെയും ഭാര്യ താരയുടെയും സമ്പാദ്യം മുഴുവന്‍ കരുവന്നൂര്‍ ബാങ്കിലാണ് നിക്ഷേപിച്ചിരുന്നത്.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുവേണ്ടി വിന്‍സെന്റിന്റെ കുടുംബത്തിനായി പ്രാദേശികമായി ഫണ്ട് ശേഖരണവും ആരംഭിച്ചിട്ടുണ്ട്. താരയുടെ അക്കൗണ്ടിലേക്ക് തുക ലഭ്യമാകും വിധത്തിലാണ് ക്രമീകരണങ്ങള്‍ നടത്തുന്നത്. എംപിയോടൊപ്പം ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍, കൗണ്‍സിലര്‍ ബൈജു കുറ്റിക്കാടന്‍, കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സതീഷ് വിമലന് എന്നിവുമുണ്ടായിരുന്നു.