റോഡുപണി: മനയ്ക്കലപ്പടിയില്‍ പൈപ്പിടല്‍ തുടങ്ങി: തടഞ്ഞ് വ്യാപാരികള്‍
കോണത്തുക്കുന്ന്: ബ്ലോക്ക് ജംഗ്ഷനില്‍ കോണത്തുകുന്നിലെ റോഡുപണിയുമായി ബന്ധപ്പെട്ട് മനയ്ക്കലപ്പടിയില്‍ നിന്നാരംഭിച്ച പൈപ്പിടല്‍ വ്യാപാരി വ്യവസായി ഏകോപനസമിതി കോണത്തുകുന്ന് യൂണിറ്റ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ തടഞ്ഞു. സ്ഥാപനങ്ങളെ മുന്‍കൂട്ടി അറിയിക്കാതെയും കൃത്യമായ പ്ലാനിംഗ്് ഇല്ലാതെയും ആരംഭിച്ചതിനാലാണ് പണി തടഞ്ഞതെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറി കെ.ഐ. നജാഹ് പറഞ്ഞു.
പണി തുടങ്ങിയ ഉടനെ പൈപ്പ് പൊട്ടി വെള്ളം ഒഴുകിയിരുന്നു. പാഴായിപ്പോകുന്ന വെള്ളത്തിന്റെ പണം പഞ്ചായത്ത് വാട്ടര്‍ അതോറിറ്റിക്ക് നല്‍കേണ്ടതുണ്ടെന്നും തന്മൂലം വെള്ളം പാഴാകുന്നത്തിലൂടെ ഉണ്ടാകുന്ന നഷ്ടം ഉപഭോക്താക്കളില്‍നിന്ന് ഈടാക്കേണ്ടിവരുമെന്നും വ്യാപാരികള്‍ പറഞ്ഞു. രാവിലെ പണി ആരംഭിച്ചതോടെ വ്യാപാരി സംഘടനാനേതാക്കള്‍ പ്രതിഷേധം അറിയിക്കുകയും തുടര്‍ന്ന് സംഘടനാ നേതാക്കളുടെ നേതൃത്വത്തില്‍ കുത്തിയിരിപ്പുസമരം നടത്തുകയും ചെയ്തു.
എം.എല്‍.എ.യുടെ സാന്നിധ്യത്തില്‍ എല്ലാവരെയും വിളിച്ച് ചര്‍ച്ച നടത്തിയശേഷം മാത്രമേ പണി തുടങ്ങുകയുള്ളൂ എന്ന പഞ്ചായത്ത് അധികൃതരുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. പ്രതിഷേധത്തില്‍ വ്യാപാരി വ്യവസായി ഏകോപനസമിതി കോണത്തുകുന്ന് യൂണിറ്റ് പ്രസിഡന്റ് കെ. കൃഷ്ണകുമാര്‍, യൂത്ത് വിംഗ്് പ്രസിഡന്റ് വി.എ. അഷ്ഫാക്ക്, യൂത്ത് വിംഗ്് ജനറല്‍ സെക്രട്ടറി പി.കെ. ഷബീബ്, കെ. മനോജ്, രാജേഷ് ബാലന്, സുബൈര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സംഭവത്തെത്തുടര്‍ന്ന് ഇരിങ്ങാലക്കുട പോലീസും സ്ഥലത്തെത്തിയിരുന്നു. വെള്ളിയാഴ്ച ബ്ലോക്ക് ജംഗ്്ഷനില്‍നിന്ന് തുടങ്ങിയ അഞ്ചാംഘട്ട കോണ്‍ക്രീറ്റ് പണികള്‍ പൈപ്പിടല്‍ നടത്താതെ തുടങ്ങാന്‍ സാധിക്കില്ലെന്ന പഞ്ചായത്ത് കമ്മിറ്റി തീരുമാനപ്രകാരം നിര്‍ത്തിവെപ്പിച്ചിരുന്നു. പണി നടത്താനാകാത്ത സാഹചര്യത്തില്‍ ഇവിടെയൊഴികെ മറ്റിടങ്ങളിലെ ജോലികള്‍ തീര്‍ക്കാനാണ് ആലോചിക്കുന്നതെന്ന് കരാര്‍ കമ്പനിയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.