നിയമ, നീതി നിര്‍വഹണത്തില്‍ സേവനദാതാക്കളോട് ഔചിത്യപൂര്‍ണമായി ഇടപെടാന്‍ പോലീസ് സംവിധാനങ്ങള്‍ക്ക് കഴിയണം: മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: നിയമനിര്‍വഹണത്തിലും നീതിനിര്‍വഹണത്തിലും സേവനദാതാക്കളോട് ഔചിത്യപൂര്‍ണമായി ഇടപെടാന്‍ പോലീസിനു കഴിയന്ന് മന്ത്രി ഡോ ആര് ബിന്ദു. റൂറല്‍ ജില്ലാ പോലീസ് ആസ്ഥാന മന്ദിരത്തില്‍ നടന്ന ഐഎസ്ഒ 9001 സര്‍ട്ടിഫിക്കറ്റ് കൈമാറല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളിലേക്കിറങ്ങി ചെന്ന് ജനസൗഹൃദപരമായി മാറിയ സംവിധാനമാണ് ജനമൈത്രി പോലീസ്. ഈ സംവിധാനം പ്രായോഗികതലത്തില്‍ കൊണ്ടുവരുന്നതില്‍ കോരളം വിജയിച്ചു. ഏഴുകോടി ചെലവില്‍ നിര്‍മിച്ച ജില്ലാ റൂറല്‍ പോലീസ് ആസ്ഥാനമന്ദിരം നഗരസികസനത്തിന് കാതലായ സംഭാവനകളാണ് നല്‍കുന്നതെന്നും മന്ത്രി കൂട്ടിചേര്‍ത്തു. പൊതുജനങ്ങള്‍ക്ക് മികച്ച പോലീസ് സേവനങ്ങള്‍ സമയബന്ധിതമായി നല്‍കിയതിലൂടെ അന്താരാഷ്ട സേവന നിലവാരമായ ഐഎസ്ഒ 9001 സര്ട്ടിഫിക്കേഷന് തൃശൂര്‍ റൂറല്‍ പോലീസ് ജില്ലയ്ക്കും ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനുകള്‍ക്കും ലഭിച്ചു.
സ്മാര്‍ട്ട് പോലീസിംഗ്, കൃത്യമായ നിയമ നടപടികള്‍, ക്രമസമാധാന പരിപാലനത്തിലെ മികവ് , പരാതികള്‍ സ്വീകരിക്കുന്നത് മുതല്‍ തീര്‍പ്പാക്കുന്നതുവരെയുള്ള ഔചിത്യപൂര്‍വമായ ഇടപെടല്‍, സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍, ശുചിത്വം, രേഖകള്‍ സൂക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍, ഫിറ്റ്നെസ് സെന്റര്‍, മുതിര്‍ന്ന പൗരന്മാര്ക്ക് നല്കുന്ന പരിഗണന തുടങ്ങിയ മാനദണ്ഡങ്ങള്‍ കണക്കിലെടുത്താണ് അംഗീകാരം.
തൃശൂര്‍ റേഞ്ച് ഡിഐജി എസ്. അജിതബീഗം അധ്യക്ഷത വഹിച്ചു. റൂറല്‍ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ദോഗ്ര, ഇരിങ്ങാലക്കുട എസ്എച്ച്ഒ അനീഷ് കരീം, കൊടുങ്ങല്ലൂര്‍ എസ്എച്ച്ഒ ഇ.ആര്. ബൈജു എന്നിവര്‍ മന്ത്രിയില്‍നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ എറ്റുവാങ്ങി. നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ മുഖ്യാതിഥിയായിരുന്നു. എസ്എംഎസ് പ്രൈറ്റ് ലിമിറ്റഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ എന്‍. ശ്രീകുമാര്‍ വിഷയാവതരണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ എം.ആര്. ഷാജു ആശംസകള്‍ നേര്‍ന്നു. ജില്ലാ പോലീസ് മേധാവി ഐശ്വര്യ ദോഗ്ര സ്വാഗതവും അഡീഷണൽ പോലീസ് സൂപ്രണ്ട് പ്രദീപ്. എന്‍. വെ യില്സ് നന്ദിയും പറഞ്ഞു.