കൂടല്‍മാണിക്യം പടിഞ്ഞാറെ നടപ്പുര നവീകരണം: ഒന്നര കോടി രൂപയുടെ ബജറ്റ്
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം പടിഞ്ഞാറെ നടപ്പുരയുടെ നവീകരണവുമായി ബന്ധപ്പെട്ട് സംഘാടക സമിതി യോഗം ചേര്‍ന്നു. മുന്‍ പടിഞ്ഞാറെ ഗോപുര നിര്‍മാണ കമ്മറ്റിയുടെ നേതൃത്വത്തില്‍ തന്നെ പടിഞ്ഞാറെ നടപ്പുരയുടെ നവീകരണവും നടത്തണം എന്ന ദേവസ്വം അഭിപ്രായത്തെ മാനിച്ചു നടന്ന യോഗത്തില്‍ മുന്‍ കമ്മറ്റി അംഗങ്ങള്‍ പ്രാഥമിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുനരുദ്ധാരണ കമ്മറ്റിയിലെ ഒമ്പത് അംഗങ്ങള്‍ തയാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം പടിഞ്ഞാറെ നടപ്പുരയുടെ നിര്‍മാണത്തിന് ഒന്നര കോടിയോളം രൂപ വരുമെന്ന് കമ്മറ്റിയംഗം നളിന്‍ ബാബു എസ്. മേനോന് പറഞ്ഞു. കമ്മറ്റി അംഗം മനോജ് കല്ലിക്കാട്ട് പ്രൊജക്റ്റിന്റെ രൂപരേഖ അവതരിപ്പിച്ചു. നടപ്പുരയുടെ നവീകരണത്തിന് ആവശ്യമായി വരുന്ന മരപ്പണിക്ക് മാത്രം ഒരു കോടി മുപ്പത്തഞ്ചു ലക്ഷം രൂപ വരും എന്നാണ് പ്രാഥമിക കണക്ക്. നിലവിലെ മരങ്ങള്‍ ഉപയോഗിക്കാവുന്നതാണോ എന്നു നടപ്പുര പൂര്‍ണമായും പൊളിച്ചിറക്കിയാല് മാത്രമേ അറിയാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ നടപ്പുര നിര്‍മാത്തിന് പുതിയ മരം ഉപയോഗിക്കുന്നതിന്റെ കണക്കാണ് നിലവില്‍ എടുത്തിരിക്കുന്നത്.
21 അംഗ എക്സിക്യൂട്ടിവ് കമ്മറ്റി പടിഞ്ഞാറെ നടപ്പുരയുടെ നവീകരണത്തിന് രൂപീകരിക്കണമെന്ന് പ്രൊജക്റ്റിന്റെ ഭാഗമായി മനോജ് കല്ലിക്കാട്ട് ആവശ്യപ്പെട്ടു. നിലവിലെ ദേവസ്വം ഭരണസമിതിയുടെ കാലാവധി ജനുവരി 28 ന് തീരാനിരിക്കെ പുതുതായി അധികാരമേല്‍ക്കുന്ന ഭരണസമിതിക്ക് ഇപ്പോള്‍ എടുത്ത തീരുമാനങ്ങളോട് അതൃപ്തി ഉണ്ടാകില്ലെന്ന് അഡ്മിനിസ്ട്രേറ്റര്‍ ഉറപ്പു നല്‍കണമെന്ന് കമ്മറ്റി അംഗങ്ങള്‍ ആവശ്യപ്പെട്ടു. പടിഞ്ഞാറെ നടപ്പുരയുടെ ശോചനീയാവസ്ഥയെക്കുറിച്ച് നടത്തിയ പഠനങ്ങളും, നടപ്പുരയുടെ നിലവിലെ അവസ്ഥയും, നിര്‍മാണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും കണ്‍സള്‍ട്ടിംഗ് എന്‍ജിനീയറായ പ്രൊഫ. വി.കെ. ലക്ഷ്മണന് നായര്‍ ചൂണ്ടികാട്ടി. നിലവിലെ ദേനസ്വം ഭരണസമിതി അംഗം അഡ്വ. കെ.ജി. അജയ് കുമാറും ഉറപ്പു നല്കി. നടപ്പുരയുടെ നവീകരണങ്ങള്‍ ബാങ്ക് വിനിമയം വഴിമാത്രമേ സ്വീകരിക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍ ദേവസ്വത്തിന്റെ പേരില്‍ അഡ്മിനിസ്ട്രേറ്റര്ക്കല്ലാതെ മറ്റാര്‍ക്കും പണം സ്വീകരിക്കാന്‍ അധികാരമില്ല. ഈ സാങ്കേതികത ഭക്തജനങ്ങള്‍ ഏറ്റെടുക്കുന്ന പ്രൊജക്റ്റില്‍ ഉണ്ടാക്കുന്ന തടസങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പേള് അതിനെ തരണം ചെയ്യാനുള്ള മാര്‍ഗങ്ങള്‍ പുനഃപിശോധിച്ച്, പഠിച്ച് ഉറപ്പു വരുത്തുമെന്ന് ചെയര്‍മാനും ദേവസ്വം ഭരണസമിതി അംഗങ്ങളും ഉറപ്പു നല്കി. 2025ലെ തിരുവുത്സവത്തിന് മുമ്പായി പണികള്‍ തീര്‍ക്കണമെന്ന് ആവശ്യപ്പെട്ടു. നടപ്പുരയുടെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന് പണം തികയാതെ വന്നാല്‍ ദേവസ്വം ഫണ്ടില്‍ നിന്ന് എടുക്കാനുള്ള അനുമതിയും നല്കി.