പല്ലാവൂര്‍ ദേശീയ താളവാദ്യമഹോത്സവത്തിനു തുടക്കം
ഇരിങ്ങാലക്കുട: വാദ്യകുലപതി പല്ലാവൂര്‍ അപ്പുമാരാര്‍ സ്മാരക വാദ്യ ആസ്വാദകസമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന പതിനാലാമത് പല്ലാവൂര്‍ ദേശീയ താളവാദ്യ മഹോത്സവത്തിനു തുടക്കമായി. സംസ്ഥാന ടൂറിസം, സാംസ്കാരിക വകുപ്പുകളുടെ സഹകരണത്തോടെ 17 വരെ കൂടല്‍മാണിക്യം ക്ഷേത്രം കിഴക്കേനടയിലാണ് താളവാദ്യമഹോത്സവം സംഘടിപ്പിക്കുന്നത്. താളവാദ്യമഹോത്സവത്തിന്റെ ഉദ്ഘാടനവും പുരസ്കാരവിതരണവും കൂടിയാട്ടം കുലപതി വേണുജി നിര്‍വഹിച്ചു. 2023-ലെ പല്ലാവൂര്‍ ഗുരുസ്മൃതി പുരസ്കാരം പയ്യന്നൂര്‍ കൃഷ്ണമണിമാരാരും തൃപ്പേക്കുളം പുരസ്കാരം വാദ്യകലാകാരന് കുമ്മത്ത് രാമന്‍കുട്ടിയും ഏറ്റുവാങ്ങി. നടിയും നര്‍ത്തകിയുമായ പദ്മിനി രാമചന്ദ്രന്റെ പേരില്‍ എര്‍പ്പെടുത്തിയ പദ്മജ്യോതി പുരസ്കാരങ്ങള്‍ നടിയും നര്‍ത്തകിയുമായ സുകന്യാ രമേഷ്, നര്‍ത്തകി ഡോ. മേതില്‍ ദേവിക എന്നിവര്‍ക്കും വേണുജി ചടങ്ങില്‍ സമ്മാനിച്ചു. ദേവസ്വം ചെയര്മാന് യു. പ്രദീപ്മേനോന്‍ അധ്യക്ഷനായി. കലാമണ്ഡലം മുന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ വി. കലാധരന്‍ മുഖ്യപ്രഭാഷണം നടത്തി. സമിതി രക്ഷാധികാരി കലാമണ്ഡലം ശിവദാസന്‍ സ്വാഗതവും സമിതി സെക്രട്ടറി കണ്ണമ്പിള്ളി ഗോപകുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ചെറുശ്ശേരി അര്ജുന് എസ്. മാരാരുടെ തായമ്പകയുണ്ടായി.