മഴയും വെയിലുമേറ്റ് നശിക്കുന്നത് കര്ഷകപ്രതീക്ഷകള്: മേല്‍ക്കൂരയില്ലാ മോട്ടോര്‍ ഷെഡുകള്‍
മുരിയാട്: കോള്‍ മേഖലയിലെ വിവിധ പാടശേഖരങ്ങളിലേക്കുള്ള മോട്ടോര്‍ ഷെഡുകളുടെ പണി പൂര്‍ത്തിയായില്ല. റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി പണിയുന്ന പത്തോളം മോട്ടോര്‍ ഷെഡുകളില്‍ പലതിന്റെയും മേല്‍ക്കൂരകളുടെ പണിയാണ് ഇനിയും പൂര്‍ത്തിയാകാനുള്ളത്. കഴിഞ്ഞ വര്‍ഷം ചുമരുകളടക്കമുള്ള നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും മേല്‍ക്കൂരകള്‍ ആയിട്ടില്ല. മേല്‍ക്കൂര വെയ്ക്കാന്‍ വൈകുന്നതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ മഴ മുഴുവനും കൊണ്ടു. ഇപ്പോള്‍ വെയിലും കൊള്ളുകയാണ്. ഇനിയൊരു മഴക്കാലം കൂടി കഴിയാന്‍ കാത്തുനിന്നാല്‍ ഷെഡുകളെല്ലാം നിലംപൊത്തുമെന്ന് കര്‍ഷകര്‍ പറഞ്ഞു.
പല ഷെഡുകള്‍ക്കും ഇരുമ്പ് പൈപ്പുകള്‍ ഉപയോഗിച്ച് മേല്‍ക്കൂര ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഷീറ്റുകള്‍ ഇട്ടിട്ടില്ല. ഷെഡിന്റെ പണി പൂര്‍ത്തിയാക്കി മോട്ടോറും മറ്റും അതിലേക്ക് മാറ്റിയശേഷം മാത്രമേ വൈദ്യുതിക്ക് അപേക്ഷിക്കാന്‍ കഴിയൂ. ഇപ്പോഴത്തെ നിലയില്‍ മോട്ടോറും മീറ്ററും മറ്റും കൊണ്ട് വെയ്ക്കാന്‍ സാധിക്കില്ല. മാത്രമല്ല, മോട്ടോര്‍ ഷെഡുകളില്‍ മോഷണം വ്യാപകമാണ്. സര്‍ക്കാറിന്റെ സാമ്പത്തിക ബുദ്ധിമുട്ട് മൂലമുണ്ടായ പ്രതിസന്ധിയാണ് പണി വൈകാന്‍ കാരണമായതെന്നാണ് സൂചന. പണി പൂര്‍ത്തിയാക്കുന്നതിനുള്ള സാധനസാമഗ്രികള്‍ ഇറക്കിയെങ്കിലും എല്ലാ ഷെഡുകളുടെയും പണി പൂര്‍ത്തിയായിട്ടില്ല.