തോടാകും മുമ്പ നന്നാക്കുമോ ഈ റോഡുകള്‍; നവീകരണാനുമതിയില്ല, സഞ്ചാരയോഗ്യമല്ലാതെ മൂര്‍ക്കനാട് സൗത്ത് ബണ്ട് റോഡ്
ഇരിങ്ങാലക്കുട: വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന കരുവന്നൂര്‍ മൂര്‍ക്കനാട് സൗത്ത് ബണ്ട് റോഡ് മഴ കനക്കും മുന്‍പേ അറ്റകുറ്റപ്പണി നടത്തുമോയെന്ന് ആശങ്ക. ലക്ഷങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടും ഇന്നും സഞ്ചാരയോഗ്യമല്ലാതെ തുടരുകയാണ് ഈ റോഡ്. പ്രളയത്തിലും അതിനുശേഷവുമായി മൂന്നു തവണയാണ് ഇല്ലിക്കല്‍ ബണ്ട് റോഡ് ഇടിഞ്ഞുവീഴുകയും നവീകരണ വിധേയമാകുകയും ചെയ്തത്. ഈ വര്‍ഷം പെയ്ത മഴയില്‍ റോഡ് വീണ്ടും തകര്‍ന്ന് കുണ്ടും കുഴിയുമായി കിടക്കുകയാണ്. കാറളം-തൃപ്രയാര്‍-എടമുട്ടം-കാട്ടൂര്‍ എന്നീ പ്രദേശങ്ങളിലെ നൂറുകണക്കിന് യാത്രക്കാരും വാഹനങ്ങളും തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയിലേക്ക് എളുപ്പമെത്തുന്നതിനു ആശ്രയിക്കുന്ന റോഡാണിത്.
മുന്‍ എം.എല്‍.എ തോമസ് ഉണ്ണിയാടന്റെ ശ്രമഫലമായി രണ്ടുകോടി ഏഴു ലക്ഷം രൂപ ചെലവിട്ട് നിര്‍മ്മിക്കുകയും, 2022 ല്‍ മാത്രം 17 ലക്ഷം രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്ത റോഡാണ് രണ്ടു വര്‍ഷം തികയും മുന്നേ വീണ്ടും തകര്‍ന്നത്. റോഡില്‍ ഉണ്ടാകുന്ന കുണ്ടും കുഴികളും താത്കാലിക സംവിധാനങ്ങള്‍ ഉപയോഗിച്ച് മൂടുന്നതല്ലാതെ ഇതുവരെയും ശ്വാശതവും പൂര്‍ണവുമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലായെന്നും അധികൃതര്‍ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്നുമാണ് നാട്ടുകാരുടെ കുറ്റപ്പെടുത്തല്‍.
കഴിഞ്ഞ വര്‍ഷം സമരം നടത്തിയപ്പോള്‍ റോഡിന് ആവശ്യമായ തുക സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി ഉറപ്പു നല്‍കിയിരുന്നതായി നാട്ടുക്കാര് പറഞ്ഞു. എന്നാല്‍ ഇതുവരെയായിട്ടും അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിട്ടില്ല. അടിയന്തരമായി റോഡ് അറ്റകുറ്റപ്പണികള്‍ നടത്തി യാത്രാദുരിതം പരിഹരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അതേസമയം പൂര്‍ണമായും റീ ടാറിടുന്നതിനായി സമര്‍പ്പിച്ച പദ്ധതികള്‍ക്ക് ഇതുവരെയും അനുമതി ലഭിച്ചിട്ടില്ലെന്ന് ഇറിഗേഷന്‍ വകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം 85 ലക്ഷം രൂപയുടെ പദ്ധതി സമര്‍പ്പിച്ചിരുന്നു. ഈ വര്‍ഷം ബജറ്റില്‍ ഉള്‍പ്പെടുത്തുന്നതിനും പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. പദ്ധതിക്ക് അനുമതി ലഭിച്ചാല്‍ റോഡ് ടാറിടുമെന്ന് ഇറിഗേഷന്‍ വകുപ്പ് വ്യക്തമാക്കി.