ശമ്പളവും അലവന്‍സുമില്ല: പ്രതിസന്ധി ഒഴിയാതെ കെഎസ്ആര്‍ടിസി
ഇരിങ്ങാലക്കുട: അലവന്‍സും ശമ്പളവും നല്‍കാനുള്ള കാലതാമസത്തില്‍ പ്രതിഷേധിച്ച് സ്വിഫ്റ്റ് ബസ് ജീവനക്കാര്‍ നിസ്സഹകരണ സമരം നടത്തിയതോടെ ബംഗളൂരു, തിരുവനന്തപുരം സ്വിഫ്റ്റ് സര്‍വീസുകള്‍ പ്രതിസന്ധിയിലായി. കഴിഞ്ഞ ദിവസം ബംഗളൂരു ബസിലേക്കുള്ള സീറ്റുകളെല്ലാം പൂര്‍ണമായിരുന്നതിനാല്‍ കെഎസ്ആര്‍ടിസി. ഉദ്യോഗസ്ഥര്‍ സ്വിഫ്റ്റ് ജീവനക്കാരുമായി ചര്‍ച്ച നടത്തി രണ്ടുദിവസത്തിനുള്ളില്‍ പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പിലാണ് വണ്ടി ഓടിച്ചത്. ഇതിനെത്തുടര്‍ന്ന് ഞായറാഴ്ച വൈകീട്ട് 6.15ന് ബംഗളൂരുവിലേക്കുള്ള സര്‍വീസ് വൈകിയാണ് ആരംഭിച്ചത്.
ശമ്പളവും അലവന്‍സും നല്കുന്നതിലുള്ള അപാകം മൂലം അസംതൃപ്തരായ ജീവനക്കാര്‍ സ്ഥിരമായി ജോലി ചെയ്യാന്‍ തയ്യാറാകാത്ത സ്ഥിതിയാണ്. മാര്‍ച്ച് 21 മുതല്‍ തങ്ങള്‍ക്ക് ലഭിക്കാനുള്ള അലവന്‍സും ശമ്പളവും പലര്‍ക്കും ലഭിച്ചിട്ടില്ലെന്ന് സ്വിഫ്റ്റ് ജീവനക്കാര്‍ പറഞ്ഞു. പ്രശ്നം പരിഹരിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ കാട്ടുന്ന അലംഭാവം തുടരുകയാണ്. അറ്റന്‍ഡന്‍സ് ലിസ്റ്റ് തയ്യാറാക്കുന്നതിലെ വീഴ്ചയാണ് അലവന്‍സും ശമ്പളവും മുടങ്ങാന്‍ കരണമായതെന്ന് ജീവനക്കാര്‍ കുറ്റപ്പെടുത്തി.
ബംഗളൂരുവിലേക്കും തിരുവനന്തപുരത്തേക്കും രണ്ട് സര്‍വീസുകളിലായി നാലു ബസുകള്‍ക്ക് നിലവില്‍ 14 ജീവനക്കാരാണുള്ളത്. മാര്‍ച്ച് 21 മുതല്‍ ഇതുവരെയായിട്ടും പ്രശ്നം പരിഹരിച്ചില്ല. ഇരിങ്ങാലക്കുട ഓപ്പറേറ്റിംഗ് സെന്ററില്‍ മാത്രമാണ് ഈ പ്രശ്നമെന്നും അവര്‍ കുറ്റപ്പെടുത്തി. പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് എ.ടി.എ. നേരത്തെ അറിയിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. ഒട്ടേറെ തവണ രേഖാമൂലം അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും പരിഹരിക്കപ്പെട്ടില്ലെന്നും അവര്‍ പറഞ്ഞു. ഞായറാഴ്ച ആറ് ആര്‍ടിസി സര്‍വീസുകളും മൂന്ന് സ്വിഫ്റ്റ് ബസുകളുമാണ് ഓടിയത്. ഓര്‍ഡിനറി ബസുകള്‍ സര്‍വീസ് നടത്തിയില്ല. ഇരിങ്ങാലക്കുടയില്‍നിന്നുള്ള ഓര്‍ഡിനറി ബസ് ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്ന ആവശ്യവും ഇതുവരെ പരിഗണിച്ചില്ല.