അജൈവ മാലിന്യശേഖരണം: ജില്ലയില്‍ ഒന്നാമത് ഇരിങ്ങാലക്കുട നഗരസഭ
ഇരിങ്ങാലക്കുട: ജില്ലയില്‍ കഴിഞ്ഞ മൂന്നുമാസത്തില്‍ ഏറ്റവും കൂടുതല്‍ അജൈവ മാലിന്യം ശേഖരിച്ച് നഗരസഭകളില്‍ ഇരിങ്ങാലക്കുട ഒന്നാമതെത്തി. ഏപ്രില്‍ മുതല്‍ മൂന്നുമാസക്കാലം 70 ശതമാനത്തിലധികം യൂസര്‍ ഫീ കളക്ഷന്‍ നേടിയ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ നേട്ടം കൈവരിച്ചതും ഇരിങ്ങാലക്കുട നഗരസഭയാണ്. 91 ശതമാനത്തിലേറെ ജൈവ, അജൈവ മാലിന്യങ്ങളാണ് വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ഹരിതകര്‍മസേന ഹരിതമിത്രം ആപ്പ് വഴി ശേഖരിച്ചത്. ഇരിങ്ങാലക്കുട നഗരസഭയില്‍ 19,000ലേറെ വീടുകളും സ്ഥാപനങ്ങളുമുണ്ട്.
വീടുവീടാന്തരമുള്ള മാലിന്യശേഖരണം 2023ല്‍ 30 ശതമാനം മാത്രമായിരുന്നു. മാലിന്യശേഖരണം കാര്യക്ഷമമാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ നവംബര്‍ മുതല്‍ ഇരിങ്ങാലക്കുട നഗരസഭ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഹരിതകര്‍മസേനാംഗങ്ങള്‍ കൂടുതല്‍ വീടുകള്‍ സന്ദര്‍ശിച്ച് മാലിന്യശേഖരണം കാര്യക്ഷമമാക്കി. നഗരസഭയ്ക്ക് കിഴിലുള്ള 41 ഡിവിഷനുകളിലായി 67 ഹരിതകര്‍മസേനാംഗങ്ങളാണുള്ളത്.
ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യവിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ മാസത്തിലൊരിക്കലാണ് വീടുകളില്‍നിന്നു ജൈവ, അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് ഹരിതകര്‍മ സേനാംഗങ്ങള്‍ ശേഖരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ മാസത്തോടെ 84 ശതമാനവും മേയ് മാസത്തോടെ അത് 91 ശതമാനത്തിലേറെ ശേഖരിക്കാനും നഗരസഭയ്ക്ക് സാധിച്ചു. ശേഖരിക്കുന്ന ജൈവമാലിന്യം ഹരിതകര്‍മ സേനാംഗങ്ങളുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ട്രെഞ്ചിംഗ് ഗ്രൗണ്ടിലെ ട്രീറ്റ്മെന്റ് പ്ലാന്റില്‍ കമ്പോസ്റ്റ് വളമാക്കി മാറ്റി സഞ്ജീവിനി ഹരിതം ജൈവവളം എന്ന പേരില്‍ വില്‍പ്പന നടത്തുന്നുണ്ട്.