മൂര്‍ക്കനാട് ഇരട്ടക്കൊലപാതക കേസിലെ പ്രധാനപ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി
ഇരിങ്ങാലക്കുട: മൂര്‍ക്കനാട് ഇരട്ടക്കൊലപാതക കേസിലെ പ്രധാനപ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. മൂര്‍ക്കനാട് സ്വദേശി മാന്‍ഡ്രൂ എന്ന് വിളിക്കുന്ന കറുത്തുപറമ്പില്‍ വീട്ടില്‍ അഭിനന്ദ്(26), തുറവന്‍കാട് സ്വദേശി തൈവളപ്പില്‍ ടുട്ടു എന്ന അഭിഷേക്(28), വെള്ളാങ്കല്ലൂര്‍ സ്വദേശി കുന്നത്താന്വീട്ടില് മെജോ(32) എന്നിവരുടെ ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇവര്‍ മൂന്നുപേരും ഇരിങ്ങാലക്കുടയില്‍ 2018ല്‍ നടന്ന ചുണ്ണാമ്പ് തെറിച്ചതുമായി തുടര്‍ന്നുള്ള തര്‍ക്കത്തെത്തുടര്‍ന്ന് മോന്തച്ചാലില്‍ വിജയന് എന്നയാളെ വീട്ടില്‍കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്. ഇവര്‍ക്ക് ഈ കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിക്കുകയുംചെയ്തു.
അന്നത്തെ അന്വേഷണസംഘത്തിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനായ മുരുകേഷ് കടവത്തിനെതിരെ വധഭീഷണി മുഴക്കിയതിനും ഇവര്‍ക്കെതിരെ കേസ് നിലവിലുണ്ട്. പിന്നീട് ജാമ്യത്തിലിറങ്ങിയാണ് മൂര്‍ക്കനാട് ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള വെടിക്കെട്ട് നടക്കുന്നതിനിടെ ആലുംപറമ്പില്വച്ച് നടന്ന സംഘര്‍ഷത്തില്‍ രണ്ടുപേരെ കുത്തിക്കൊലപ്പെടുത്തിയത്. മുമ്പ് ഒരു കൊലപാതകകേസില്‍ ജീവപര്യന്തം ശിക്ഷലഭിച്ച് ജാമ്യത്തില്‍ ഇറങ്ങി വീണ്ടും കൊലപാതകങ്ങള്‍ നടത്തിയതിനാല്‍ ഐപിസി 303 വകുപ്പുകൂടി ചുമത്തി വധശിക്ഷ കിട്ടാവുന്ന തരത്തിലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
മൂര്‍ക്കനാട് നടന്ന ഫുട്ബോള്‍ ടൂര്‍ണമെന്റുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളാണ് ഇരുവിഭാഗങ്ങളിലുള്ള യുവാക്കള്‍ തമ്മിലുള്ള കത്തിക്കുത്തില്‍ കലാശിച്ചത്. തൃശൂര്‍ അരിമ്പൂര്‍ വെളുത്തൂര്‍ സ്വദേശി അക്ഷയ്(21), ആനന്ദപുരം പൊന്നയത്ത് സ്വദേശി സന്തോഷ്(40) എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആദ്യം 15 പ്രതികളെ അറസ്റ്റുചെയ്തിട്ടുണ്ട്. 90 ദിവസത്തിനുള്ളില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കേസിലെ പ്രധാനപ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി ഉത്തരവിട്ടത്. കേസില്‍ ഇനിയും നാലുപേരെ പിടികൂടാനുണ്ട്.