ഉദ്ഘാടനം കഴിഞ്ഞ് ഏഴുമാസം; ഷീ ലോഡ്ജ് തുറക്കാന്‍ ഇനിയും കാത്തിരിക്കണം
ഇരിങ്ങാലക്കുട: ഉദ്ഘാടനംകഴിഞ്ഞ് ഏഴുമാസമായിട്ടും പ്രവര്‍ത്തനസജ്ജമാകാതെ നഗരസഭയുടെ പ്രധാനപദ്ധതികളിലൊന്നായ ഷീ ലോഡ്ജ്. കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ടെങ്കിലും കെട്ടിടത്തിനുള്ള ഫയര്‍ ആന്‍ഡ് സേഫ്റ്റി പ്രവൃത്തികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇത് പൂര്‍ത്തിയാക്കിയാല്‍ മാത്രമേ എന്‍ജിനീയറിംഗ് വിഭാഗം ഫയല്‍ റവന്യുവിഭാഗത്തിന് നമ്പറിട്ടുനല്‍കാന്‍ കഴിയൂ.
അതേസമയം ഫയര്‍ ആന്‍ഡ് സേഫ്റ്റിയുമായി ബന്ധപ്പെട്ടുള്ള പ്രവൃത്തികള്‍ കരാറുകാരന് 90 ശതമാനം പൂര്ത്തിയാക്കികഴിഞ്ഞെന്നും ശേഷിക്കുന്ന പണി പൂര്‍ത്തിയാക്കി അഗ്നിസുരക്ഷാ സര്‍ട്ടിഫിക്കറ്റ് നല്‍കുക മാത്രമാണ് ഇനിയുള്ളതെന്നും എന്‍ജിനീയറിംഗ് വിഭാഗം അറിയിച്ചു. മതിയായ പാര്‍ക്കിംഗ് സ്ഥലം ഇല്ലാതെയും പുറമ്പോക്ക് കൈയേറിയുമാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നതെന്ന ആരോപണങ്ങള്‍ നഗരസഭ തള്ളി.
അയ്യങ്കാവ് മൈതാനത്തിന് പടിഞ്ഞാറുഭാഗത്തായി 2.20 കോടി ചെലവഴിച്ചാണ് നഗരസഭ സ്ത്രീകള്‍ക്കുമാത്രം താമസിക്കുന്നതിനായി ഷീലോഡ്ജ് ഒരുക്കിയിരിക്കുന്നത്. രണ്ടുനിലകളിലായി അറ്റാച്ചഡ് ബാത്ത്റൂം സൗകര്യമുള്ള 20 മുറികളാണ് ഒരുക്കിയിട്ടുള്ളത്. ഇതില്‍ മൂന്നുകിടക്കകളുള്ള രണ്ടു റൂമും രണ്ട് കിടക്കകളുള്ള 18 റൂമുകളുമാണുള്ളത്. 1034 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ 320 ചതുരശ്ര അടി വിസ്തീര്‍ണമുള്ള നാല് കടമുറികള്‍ ഒരുക്കിയിട്ടുണ്ട്.
അടുക്കള, ഡൈനിംഗ് ഹാള്‍, റീഡിംഗ് റൂം, വെയ്റ്റിംഗ് റൂം, പാര്‍ക്കിംഗ് എന്നി സൗകര്യങ്ങളും ഈ ഷീ ലോഡ്ജിന്റെ പ്രത്യേകതകളാണെന്ന് നഗരസഭ അവകാശപ്പെടുന്നു. ഫെബ്രുവരി 20ന് മന്ത്രി ആര്. ബിന്ദുവാണ് ഷീ ലോഡ്ജ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍ യുഡിഎഫ് ഒഴികെയുള്ള പ്രതിപക്ഷപാര്‍ട്ടികളെല്ലാം തിടുക്കപ്പെട്ട് ഉദ്ഘാടനം നടത്തുന്നതിനെ എതിര്‍ത്തു. അപാകങ്ങള്‍ പരിഹരിച്ച് നിര്‍മാണം പൂര്‍ത്തിയായി കെട്ടിട നമ്പര്‍ കിട്ടിയതിനുശേഷം മാത്രം ഉദ്ഘാടനം മതിയെന്ന നിലപാടിലായിരുന്നു മറ്റ് കക്ഷികള്‍.
എന്നാല്‍ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതെന്നായിരുന്നു യുഡിഎഫ് പറഞ്ഞിരുന്നത്. ഷീ ലോഡ്ജ് പ്രവര്‍ത്തനസജ്ജമാക്കുന്നതിന്റെ ഭാഗമായി തയാറാക്കിയ ബൈലോ കഴിഞ്ഞദിവസം നടന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തിലാണ് അംഗീകരിച്ചത്.