മുനമ്പം തീരദേശ ജനതയ്ക്ക് നീതി നടപ്പിലാക്കണം; ഇരിങ്ങാലക്കുട രൂപത ക്രിസ്തീയ ന്യൂനപക്ഷ അവകാശ സമിതി
ഇരിങ്ങാലക്കുട: വക്കഫ് ഭേദഗതി ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിഗണനയില്‍ രാജ്യം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് തന്നെ കേരളത്തിലെ കൊച്ചി മുനമ്പം പ്രദേശത്തെ ജനങ്ങള്‍ക്ക് വക്കഫ് നിയമങ്ങളുടെ പേരില്‍ നീതി നിഷേധിക്കുന്നത് തികച്ചും മനുഷ്യത്വരഹിതവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഇരിങ്ങാലക്കുട രൂപത ക്രിസ്തീയ ന്യൂനപക്ഷ അവകാശ സമിതി.
ഇന്ത്യന്‍ ഭരണഘടനയുടെ മതേതരത്വത്തിന് ചേരാത്ത വിധത്തില്‍ നിയമവ്യവസ്ഥകളെ വെല്ലുവിളിക്കുന്ന രീതിയില്‍ വിചിത്രമായ ചില നിയമങ്ങളുടെ പേരില്‍ കൊച്ചി മുനമ്പം തീരദേശത്തെ ജനങ്ങളനുഭവിക്കുന്ന ദുരിതം അവഗണിക്കാവുന്നതല്ല. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും കേരളത്തിലെ മുന്‍നിര മാധ്യമങ്ങളും പുലര്‍ത്തുന്ന മൗനം ആശാസ്യകരമല്ലന്നും മുനമ്പത്ത് നാനാജാതി മതസ്ഥരുടെ കിടപ്പാടം ഇല്ലാതാക്കിക്കൊണ്ട് അവരെ കുടിയിറക്കാനുള്ള പരിശ്രമങ്ങള്‍ ഉപേക്ഷിക്കണമെന്നും അവര്‍ക്ക് ഉടന്‍ നീതി നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കൂടാതെ മലയോര കര്‍ഷകരുടെ ആശങ്കകള്‍ അകറ്റി ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരം ഫോറസ്റ്റുകളും സംരക്ഷിത പ്രദേശങ്ങളും ലോക പൈതൃക പദവി പ്രദേശങ്ങളും മാത്രം ഇ എസ് എ ആയി പ്രഖ്യാപിക്കണമെന്നും ഇതിനു വേണ്ട നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കണമെന്നും സമിതി ആവശ്യമുന്നയിച്ചു. ഇരിങ്ങാലക്കുട രൂപതാ മെത്രാന് മാര്‍. പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു.
രൂപതാ വികാരി ജനറല്‍ മോണ്‍. വില്‍സണ്‍ ഈരത്തര, രൂപതാ ന്യൂനപക്ഷ അവകാശ സമിതി ഡയറക്ടര്‍ ഫാ. നൗജിന് വിതയത്തില്‍ പ്രസിഡന്റ് ഇ. ടി. തോമസ്, ലീഗല്‍ പ്രസിഡന്റ് അഡ്വ. ബേബി മാണിക്കത്ത്പറമ്പില് എന്നിവരും ക്രിസ്തീയ ന്യൂനപക്ഷ അവകാശ സമിതി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ലീഗല്‍ സെല്‍ അംഗങ്ങളും പങ്കെടുത്തു.