ഉപജീവനമായിരുന്ന വഴിയോര കരിക്കുകട പൊളിച്ചുനീക്കിയതോടെ വീട്ടമ്മ ആത്മഹത്യാ ഭീഷണി മുഴക്കി
വീട്ടമ്മയുടെ വഴിയോര കരിക്കുകട പൊളിച്ചു നീക്കി: ആത്മഹത്യാ ഭീഷണിയുമായി വീട്ടമ്മ പൊതുമരാമത്ത് ഓഫീസിനു മുന്നില്‍
ഇരിങ്ങാലക്കുട: ഉപജീവനമായിരുന്ന വീട്ടമ്മയുടെ വഴിയോര കരിക്കുകട പൊളിച്ചുനീക്കിയതോടെ കന്നാസില്‍ പെട്രോളുമായി ആത്മഹത്യാ ഭീഷണി മുഴക്കി വീട്ടമ്മ പൊതുമരാമത്ത് ഓഫീസിനു മുന്നില്‍. മൂന്നു വര്‍ഷത്തിലധികമായി കിഴുത്താണി കുഞ്ഞിലിക്കാട്ടില്‍ ക്ഷേത്രത്തിന് എതിര്‍വശം റോഡരികില്‍ കരിക്ക് കച്ചവടം നടത്തിയിരുന്ന വീട്ടമ്മയുടെ വഴിയോരകരിക്കുകടയാണ് പൊതുമരാമത്ത് ഉദ്യഗോസ്ഥര്‍ പൊളിച്ചു നീക്കിയത്.
താണിശേരിയില്‍ വാടകയ്ക്ക് താമസിക്കുന്ന ചെട്ടിത്തൊടി വീട്ടില്‍ രമ്യയാണ് ആത്മഹത്യാ ഭീഷണിയുമായി പൊതുമരാമത്ത് ഓഫീസിനു മുന്നിലെത്തിയത്. രമ്യക്ക് ഒരപകടത്തില്‍ കയ്യും കാലും ഒടിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ഏഴെട്ടു മാസമായി കട നടത്തിയിരുന്നില്ല. വീണ്ടും കച്ചവടം തുടങ്ങുന്നതിനായി താല്‍ക്കാലിക ഷെഡ്ഡ് നിര്മ്മിച്ചുകൊണ്ടിരിക്കെയാണ് ഷെഡ്ഡ് നിര്‍മ്മാണത്തിനായി കുഴിച്ചിട്ട ഇരുമ്പ് പൈപ്പുകള്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ എടുത്തുകൊണ്ടുപോയത്.
വിവരമറിഞ്ഞ രമ്യ തന്റെ മൂന്നു മക്കളുമായി പൊതുമരാമത്ത് ഓഫീസില്‍ എത്തുകയായിരുന്നു. അനുകൂലമായ മറുപടി ലഭിക്കാതിരുന്നാല്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുന്നതിനായി പെട്രോളും തീപ്പെട്ടിയും കയ്യില്‍ കരുതിയിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് രമ്യയുടെ കയ്യില്‍ നിന്ന് ബലമായി പെട്രോള്‍ പിടിച്ചു വാങ്ങി.
ഇതോടെ സമീപത്തെ കുളത്തിനരികിലേക്ക് ഓടിയ രമ്യയെ പോലീസ് ബലമായി തടുത്തുനിര്‍ത്തി. തുടര്‍ന്ന് നടന്ന ചര്‍ച്ചക്കൊടുവില്‍ രമ്യ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. നാട്ടുകാരുടെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പഞ്ചായത്ത് അറിയിച്ചതു പ്രകാരമാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ കരിക്കുകട പൊളിച്ചുനീക്കിയതെന്ന് പഞ്ചായത്തംഗം വൃന്ദ അജിത് കുമാര്‍ പറഞ്ഞു.