ഇരിങ്ങാലക്കുടയില്‍ കുരുക്കഴിക്കാന്‍ റോഡുകള്‍ ബന്ധിപ്പിക്കുന്നു
ഇരിങ്ങാലക്കുട: കാട്ടൂര്‍ റോഡില്‍നിന്ന് ആരംഭിക്കുന്ന ബൈപാസ് റോഡ് പൂതംകുളത്തുനിന്നും ബ്രദര്‍ മിഷന് റോഡുമായി ബന്ധിപ്പിക്കുന്നു. നാളുകളായി ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന പരിശ്രമങ്ങള്‍ക്കൊടുവിലാണ് ഈ റോഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കാനുള്ള ശ്രമം യാഥാര്‍ഥ്യമാകുന്നത്. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ക്ക് മുനിസിപ്പല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയിരുന്നു.
കാട്ടൂര്‍ റോഡില്നിന്നാരംഭിക്കുന്ന ബൈപാസ് റോഡ് തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാനപാത കടന്ന് പൂതംകുളം ജംഗ്ഷന് കിഴക്കുഭാഗം വരെയാണ് എത്തിനില്‍ക്കുന്നത്. മെറീന ആശുപത്രിയുടെ സമീപത്തുനിന്നും വടക്കോട്ട് തിരിഞ്ഞുപോകുന്ന ബ്രദര്മിഷന് റോഡുമായി ബൈപാസ് റോഡ് ബന്ധിപ്പിച്ചാല്‍ ഠാണ ജംഗ്ഷനിലെ നിലവിലുള്ള തിരക്ക് കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 16 മീറ്റര്‍ വീതിയില്‍ 40 മീറ്ററോളം നീളം വരുന്ന റോഡിനായി 25 സെന്റ് സ്ഥലം 13 കക്ഷികളില്‍നിന്നായി ഏറ്റെടുക്കും. കഴിഞ്ഞ കുറെ മാസമായി സ്ഥലമുടമകളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ ധാരണയായത്.
കേന്ദ്രാവിഷ്കൃത പദ്ധതിയില്‍നിന്ന് ഠാണാ ചന്തക്കുന്ന് വികസനത്തിന്റെ ഭാഗമായി നഗരസഭ വിട്ടുനല്‍കുന്ന ഭൂമിക്കും കെട്ടിടത്തിനും ലഭിക്കുന്ന നഷ്ടപരിഹാരത്തുകയില്‍നിന്ന് ഫണ്ട് കണ്ടെത്താനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ ചാലക്കുടി ഭാഗത്തുനിന്ന് തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ഠാണ ജംഗ്ഷനില്‍ നിന്നോ മെറീന ആശുപത്രിക്ക് സമീപത്തുകൂടെ ബ്രദര്‍ മിഷന് റോഡിലൂടെ തിരിഞ്ഞുവേണം പോകാന്‍. ഇതുമൂലം സംസ്ഥാനപാതയില്‍ ഠാണ ജംഗ്ഷനിലും കോളജ് ജംഗ്ഷനിലുമെല്ലാം വലിയ ഗതാഗതക്കുരുക്കാണുണ്ടാകുന്നത്. നഗരത്തിന്റെ മുഖച്ഛായ മാറ്റുന്നതാണ് ഈ റോഡ് യാഥാര്‍ഥ്യമാകുന്നതിലൂടെ സാധ്യമാകുക.