കാട്ടൂരില്‍ ഉണക്കമീന്‍ കച്ചവടത്തിന്റെ മറവില്‍ ഹാന്‍സ് വില്പന; ഇരുനൂറോളം പാക്കറ്റ് ഹാന്സുമടക്കം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി
സ്കൂള്‍ വിദ്യാര്‍ഥികള്‍ പ്രധാന ഇരകള്‍
ഇരിങ്ങാലക്കുട: കാട്ടൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് റോഡ് സൈഡില്‍ ഉണക്കമീന്‍ കച്ചവടത്തിന്റെ മറവില്‍ നിരോധിച്ച പുകയില ഉല്‍പ്പന്നമായ ഹാന്‍സ് വന്‍ തോതില്‍ പിടികൂടി. സ്കൂള്‍ കുട്ടികള്‍ക്കും മറ്റുള്ളവര്‍ക്കും വില്പന നടത്തിയിരുന്ന എടത്തിരുത്തി കണ്ണമ്പറമ്പില്‍ വീട്ടില്‍ സതീന്ദ്രന് (64)നെ കാട്ടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഇ.ആര്. ബൈജുവിന്റെ നിര്‍ദ്ദേശപ്രകാരം കാട്ടൂര്‍ സബ് ഇന്‍സ്പെക്ടര്‍ ബാബു ജോര്‍ജ് അറസ്റ്റ് ചെയ്തു.
ഇരുന്നൂറോളം പാക്കറ്റ് ഹാന്‍സ് ഇയാളില്‍ നിന്നും പിടിച്ചെടുത്തു. ഇയാളെ ഇതിന് മുന്‍പും പല തവണകളായി ഇതേ കുറ്റത്തിന് അറസ്റ്റ് ചെയ്തിട്ടുള്ളതും കാട്ടൂര്‍ പഞ്ചായത്തിന് റിപ്പോര്‍ട്ട് കൊടുത്ത് സ്ഥാപനം അടപ്പിച്ചിട്ടുള്ളതുമാണ്. ഒരു ദിവസം 100 പാക്കറ്റിന് മുകളില്‍ ഇയാള്‍ വില്പന നടത്തിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിദ്യാര്‍ഥികള്‍ ആണ് ഇയാളുടെ ഇരകള്‍.
പ്രതി കുറച്ചു നാളുകള്‍ക്ക് ശേഷം വീണ്ടും കരിക്ക് കച്ചവടം തുടങ്ങുകയും സാവധാനം പഴയ കച്ചവടം വീണ്ടും തുടങ്ങുകയും കൂടുതല്‍ ലഹരി പദ്ധര്‍ത്ഥങ്ങള്‍ വില്‍പ്പന നടത്തി വരികയും ആയിരുന്നു. ഇയാള്‍ പോലീസിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു. റോഡ് സൈഡില്‍ ബക്കറ്റില്‍ വച്ചിരുന്ന കുടംപുളി ബക്കറ്റിന് അടിയില്‍ ആണ് ഹാന്‍സ് സൂക്ഷിച്ചിരുന്നത്. അന്വേഷണ സംഘത്തില്‍ ഉദ്യോഗസ്ഥരായ സനത്, രാധാകൃഷ്ണന്, സി.ജി. ധനേഷ് , ശ്രീജിത്ത്, രാഹുല്‍ എന്നിവരും ഉണ്ടായിരുന്നു.