അധ്യാപകര്‍ കുട്ടികളുടെ ജീവിതവും ചിട്ടപ്പെടുത്തണം: വി.എം. സുധീരന്

ചന്ദ്രിക ടീച്ചറുടെ ജീവിതവും ഓര്‍മ്മകളും പങ്കുവെയ്ക്കുന്ന നിത്യചന്ദ്രിക പുസ്തകത്തിന്റെ പ്രകാശനം വി.എം. സുധീരന് അജയമങ്ങാട്ടിനു നല്കി നിര്‍വ്വഹിക്കുന്നു.
പുല്ലൂര്‍: ജനങ്ങളുടെ സാമൂഹിക നിലവാരത്തെ രൂപപ്പെടുത്തുന്നത് അധ്യാപക സമൂഹമാണെന്നും ചന്ദ്രിക ടീച്ചര്‍ ആ പ്രതിബദ്ധത ഉടനീളം പുലര്‍ത്തിയെന്നും വി.എം. സുധീരന് അനുസ്മരിച്ചു. ചെരിയനത്ത് ചന്ദ്രിക ടീച്ചറുടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു സുധീരന് ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് പി.കെ. ഭരതന് അധ്യക്ഷത വഹിച്ചു. പ്രൈമറി ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നിലുള്ള കഴിവുകള്‍ കണ്ടെത്തിയത് അധ്യാപകരായിരുന്നു. ഓരോ അധ്യാപകനേയും വ്യക്തിപരമായി അറിയാമായിരുന്നു. അത് അധ്യാപക വിദ്യാര്‍ത്ഥി ബന്ധങ്ങളുടെ സുവര്‍ണ കാലഘട്ടമായിരുന്നു. ഇന്നത്തെ സങ്കീര്‍ണമായ ജീവിത സാഹചര്യത്തില്‍ അധ്യാപകര്‍ കുട്ടികളുടെ പഠനം മാത്രമല്ല ജീവിതവും ശ്രദ്ധിക്കേണ്ടതുണ്ട്. ചന്ദ്രിക ടീച്ചറുടെ ജീവിതവും ഓര്‍മ്മകളും പങ്കുവെയ്ക്കുന്ന നിത്യചന്ദ്രിക എന്ന പുസ്തകത്തിന്റെ പ്രകാശനം വി.എം. സുധീരന് അജയമങ്ങാട്ടിനു നല്കി നിര്‍വ്വഹിച്ചു. പുസ്തകം എഡിറ്റ് ചെയ്ത എം.പി. സുരേന്ദ്രന് നിത്യചന്ദ്രിക പരിചയപ്പെടുത്തി. എം.കെ. അബ്ദുള്‍ സലാം, സോണിയ ഗിരി, പവിഴം ടീച്ചര്‍, ടി.വി. ചാര്‍ളി, സിഒ ടി. അസീസ്, സി.എസ്. രവീന്ദ്രന്, അഡ്വ. തേജസ് പുരുഷോത്തമന് എന്നിവര്‍ സംസാരിച്ചു.