ഇരിങ്ങാലക്കുടയെ ഐടി ഹബ്ബാക്കി മാറ്റാനൊരുങ്ങി ഐഎംഐടി
ഇരിങ്ങാലക്കുട: സാംസ്കാരിക നഗരിയെ ഒരു ഐടി ഹബ്ബായി മാറ്റാന്‍ ലക്ഷ്യമിട്ട് ഇന്റര്‍ നാഷണല്‍ മീഡിയ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പാര്‍ക്ക് ആരംഭിക്കുന്നു. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി അവര്‍ക്കു വേണ്ട മികച്ച പരിശീലനം നല്കി, അവരെ ലോകോത്തര സാങ്കേതിക വിദഗ്ദരാക്കി മാറ്റി സമൂഹത്തിനും അവര്‍ക്കും ഗുണകരമാകുന്ന രീതിയില്‍ വാര്‍ത്തെടുക്കുന്ന പദ്ധതിയാണു ഐഎംഐടി ആസൂത്രണം ചെയ്തിട്ടുള്ളതെന്നു ഐഎംഐടി ചെയര്മാന് അഡ്വ. എം.എസ്. അനില്‍കുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യയിലും വിദേശത്തും ഫിനാന്‍ഷ്യല്‍ മേഖലകളിലെ വിവിധ ഐടി പ്ലാറ്റ്ഫോമുകള് വികസിപ്പിച്ചുകൊണ്ട് ബാങ്കിംഗ്, ആരോഗ്യ, നിര്‍മാണ മേഖലയില്‍ കൂടുതല്‍ ഡിജിറ്റലൈസ് ചെയ്യുന്ന വിവിധ പ്ലാറ്റ്ഫോമുകള് ഐഎംഐടിയുടെ ഐടി വിഭാഗത്തില്‍ ഒരുങ്ങുന്നുണ്ട്. ഇതിന്റെ ഭാഗമായി പ്രായോഗിക പരിജ്ഞാനമുള്ള സാങ്കേതിക വിദഗ്ദരുടെ ദൗര്‍ലഭ്യം മുന്നില്‍ കണ്ട് അത്തരം ലോക നിലവാരമുള്ള സാങ്കേതിക വിദഗ്ദരെ സൃഷിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ കോഡിഫൈന് എന്ന പദ്ധതിയും മിടുക്കരായ യുവ സംരംഭകരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഐഡിയക്സ് 2020 എന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. ഐഎംഐടിയിലെ ഡ്രീം ലാബ്സ് എന്ന മീഡിയ വിഭാഗം ദൃശ്യ മാധ്യമ രംഗത്ത് ഒട്ടനവധി സേവനങ്ങളാണു നല്കാന് ഉദ്ദേശിച്ചിട്ടുള്ളത്. സ്ത്രീ ശാക്തീകരണം ഒരു പ്രധാന ലക്ഷ്യമായെടുത്ത്, വിദ്യാസമ്പന്നരായ സ്ത്രീകളെ കൂടുതല്‍ ഈ തൊഴില്‍ മേഖലയില്‍ ഉള്‍പ്പെടുത്തി അവര്‍ക്കുവേണ്ട തൊഴില്‍ സാഹചര്യങ്ങള്‍ സൃഷ്ടിക്കുക എന്നതിലും ഐഎംഐടിയുടെ ശ്രദ്ധ പതിയുന്ന മേഖലകളില്‍ ഒന്നാണ്. ഇന്ന് (നവംബർ 7) ഉച്ചതിരിഞ്ഞ് നാലിനു നടക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഐഎംഐടിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ടി.എന്‍. പ്രതാപന് എംപി, പ്രഫ. കെ.യു. അരുണന് എംഎല്‍എ, കെപിസിസി വൈസ് പ്രസിഡന്റ് പത്മജ വേണുഗോപാല്‍, ഐടിയു ബാങ്ക് ചെയര്‍മാനും കെപിസിസി നിര്‍വഹാക സമിതിയംഗവുമായ എം.പി. ജാക്സണ് എന്നിവര്‍ പങ്കെടുക്കും. ഐഎംഐടി വൈസ് ചെയര്മാന് ടി.വി. ജോണ്സണ്, സിടിഒ ജീസ് ലാസര്‍, സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടര്‍ വര്‍ഗീസ് പുത്തനങ്ങാടി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.