ഡിസംബര്‍ മാസത്തില്‍ വിതരണം ചെയ്യേണ്ട റേഷന്‍ കിറ്റ് വിതരണം സ്തംഭനത്തില്‍
ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്കിലെ 12 പഞ്ചായത്തിലും ഒരു മുനിസിപ്പാലിറ്റിയിലുമായി പ്രവര്‍ത്തിക്കുന്ന 152 ഓളം റേഷന്‍ കടകളിലേക്കു ഡിസംബര്‍ മാസത്തില്‍ വിതരണം ചെയ്യേണ്ട കിറ്റുകള്‍ ലഭിക്കാതായതോടെ വിതരണം സ്തംഭനാവസ്ഥയിലേക്ക്. ഡിസംബര്‍ മാസത്തില്‍ വിതരണം ചെയ്യേണ്ട മഞ്ഞ, പിങ്ക് കാര്‍ഡിനുള്ള കിറ്റുകള്‍ മാത്രമാണു ഇതുവരെ ലഭിച്ചിട്ടുള്ളത്. നീല, വെള്ള കാര്‍ഡുകള്‍ക്കു കൊടുക്കേണ്ടതായ കിറ്റുകള്‍ സിവില്‍ സപ്ലൈസ് ഡിപ്പോയില്‍ പലവ്യഞ്ജനങ്ങള്‍ സ്റ്റോക്ക് ഇല്ലാത്തതിനാല്‍ ഈ മാസം അവസാനമായിട്ടും റേഷന്‍ കടയില്‍ എത്തിക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കാര്‍ഡുടമകള്‍ കടയില്‍ പലപ്രാവശ്യം വന്നു തിരിച്ചു പോയികൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നു ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡന്റ് പി.ഡി. പോള്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. മധു, വൈസ് പ്രസിഡന്റ് ജോണ്സണ് മാത്തള, ജോജോ മാമ്പിള്ളി, ജയാനന്ദന് എന്നിവര്‍ പ്രസംഗിച്ചു.