കോവിഡിന്റെ പശ്ചാതലത്തില്‍ വിശുദ്ധവാര തിരുകര്‍മങ്ങള്‍ നടത്തുന്നതു സംബന്ധിച്ച് രൂപത നിര്‍ദേശങ്ങള്‍ നല്കി
ഇരിങ്ങാലക്കുട: കോവിഡിന്റെ പശ്ചാതലത്തില്‍ വിശുദ്ധവാര തിരുകര്‍മങ്ങള്‍ നടത്തുന്നതു സംബന്ധിച്ച് രൂപത നിര്‍ദേശങ്ങള്‍ നല്കി. വിശുദ്ധവാര തിരുകര്‍മങ്ങള്‍ ഓരോ ഇടവകയിലെയും കഴിയാവുന്നിടത്തോളം പേരെ പങ്കെടുപ്പിക്കുവാന്‍ ഉതകുന്ന വിധത്തില്‍ ഇടവകയിലെ പള്ളി കൂടാതെ മറ്റു കുരിശുപള്ളികളോ സമര്‍പ്പിത ഭവനങ്ങളിലെ കപ്പേളകളോ വിശുദ്ധ ബലി അര്‍പ്പിക്കുന്ന മറ്റു സെന്ററുകളോ ഉണ്ടെങ്കില്‍ അവിടെയും തിരുകര്‍മങ്ങള്‍ സംഘടിപ്പിക്കാം. ഇടവക ദൈവാലയത്തിലോ ഇടവകയിലെ മറ്റു കപ്പേളകളിലോ വിശുദ്ധവാര കര്‍മങ്ങള്‍ ഒരു പ്രാവശ്യമേ പരികര്‍മം ചെയ്യുവാന്‍ പാടുള്ളൂ. ഓശാന ഞായറാഴ്ചയിലെ കുരുത്തോല വെഞ്ചിരിപ്പും പെസഹാ വ്യാഴാഴ്ച്ചയിലെ പാദങ്ങള്‍ കഴുകല്‍ ശുശ്രൂഷയും ദുഖവെള്ളിയാഴ്ചയിലെ പീഢാനുഭവ ചരിത്ര അനുസ്മരണവും ദുഖശനിയാഴ്ചയിലെ വെള്ളം വെഞ്ചിരിപ്പും ഉയിര്‍പ്പു ഞായറാഴ്ചയിലെ തിരുകര്‍മങ്ങളും ഇടവക പള്ളിയിലോ മറ്റു കപ്പേളകളിലോ ഒന്നില്‍ കൂടുതല്‍ പ്രാവശ്യം പരികര്‍മം ചെയ്യുവാന്‍ പാടുള്ളതല്ല. എന്നാല്‍ ദുഖവെള്ളിയാഴ്ച ഒഴികെ മറ്റു ദിവസങ്ങളില്‍ കൂടുതല്‍ കുര്‍ബാനകള്‍ ക്രമീകരിക്കാവുന്നതാണ്. ദുഖവെള്ളിയാഴ്ചയിലെ കുരിശിന്റെ വഴി കോവിഡിന്റെ പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടു ദേവാലയത്തിനു പുറത്ത് നടത്താവുന്നതാണ്. പെസഹാ വ്യാഴാഴ്ചയിലെ ആരാധന പതിവുപോലെ നടത്താം. പെസഹാക്കൊരുക്കമായുള്ള കുമ്പസാരം കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് നടത്തേണ്ടതാണ്. വിശുദ്ധവാരത്തിലെ തിരുകര്‍മങ്ങള്‍ ദൈര്‍ഘ്യമുള്ളതു കൊണ്ട് ദേവാലയങ്ങളോടനുബന്ധിച്ച് തുറന്ന സ്ഥലങ്ങളുണ്ടെങ്കില്‍ അവിടെ ക്രമീകരിക്കുന്നത് ഉചിതമായിരിക്കും. പെസഹാ വ്യാഴാഴ്ച ദേവാലയത്തില്‍ ഒന്നിച്ചു കൂടി പെസഹാ അപ്പം മുറിക്കുന്ന രീതി ഈ വര്‍ഷം ഒഴിവാക്കണം. അന്നേ ദിവസം ഇണ്ടേറിയപ്പം (കല്‍ത്തപ്പം) മുറിക്കുന്ന തിരുകര്‍മം അതാത് വീടുകളില്‍ നടത്തേണ്ടതാണ്. ഉയിര്‍പ്പു തിരുനാളിന്റെ തിരുകര്‍മങ്ങള്‍ ശനിയാഴ്ച രാത്രി 11.30 ക്കാണു ആരംഭിക്കേണ്ടത്. ഏതെങ്കിലും ദേവാലയങ്ങളില്‍ 11.30 ക്കു നടത്തുവാന്‍ സാധിക്കുന്നില്ലെങ്കില്‍ 11.30 ക്കു ശേഷം സൗകര്യപ്രദമായ സമയത്ത് ക്രമീകരിക്കാവുന്നതാണ്. എന്നാല്‍ 11.30 ക്കു മുമ്പ് ഒരിടത്തും നടത്തുവാന്‍ പാടുള്ളതല്ല. കഴിയാവുന്നിടത്തോളം പേര്‍ക്ക് പങ്കെടുക്കാവുന്ന രീതിയില്‍ കൂടുതല്‍ സെന്ററുകള്‍ ഉള്‍പ്പെടുത്തി കുര്‍ബാനകളുടെ എണ്ണം വര്‍ധിപ്പിക്കാവുന്നതാണെന്നും നിര്‍ദേശിച്ചിട്ടുണ്ട്.