ഇരിങ്ങാലക്കുടയില്‍ കര്‍ശന നിയന്ത്രണം പിഴ ഈടാക്കിയത് അരലക്ഷത്തിലേറെ രൂപ
ഇരിങ്ങാലക്കുട: മേഖലയില്‍ കൂടുതല്‍ പഞ്ചായത്ത് പ്രദേശങ്ങള്‍ കണ്ടെയ്ന്മെന്റ് സോണുകളായതോടെ പഞ്ചായത്ത് ഭരണകൂടങ്ങളും പോലീസും നിയന്ത്രണങ്ങള്‍ പാലിക്കാത്ത 2500 പേര്‍ക്ക് പോലീസ് മുന്നറിയിപ്പ് നല്കി. അനാവശ്യമായി കറങ്ങിനടന്ന 15 വണ്ടികള്‍ പിടിച്ചെടുത്തു. 120 കേസുകളിലായി അരലക്ഷത്തിലേറെ രൂപ പിഴ ഈടാക്കി. ഇരിങ്ങാലക്കുട നഗരസഭാപരിധിയിലെ സാമൂഹിക അകലം പാലിക്കാതിരുന്ന കള്ളുഷാപ്പുകള്‍ പോലീസ് അടപ്പിച്ചു. നഗരത്തിലെ കടകളില്‍ തിരക്ക് നിയന്ത്രിക്കുന്നതിനു നിര്‍ദേശം നല്കി. നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍, ടെക്സ്റ്റയില്‍സ് തുടങ്ങിയ ഷോപ്പുകളിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും ആളുകളെ കയറ്റുന്നതിനു നിയന്ത്രണം പാലിക്കാനും പോലീസ് നിര്‍ദേശം നല്കി. വരുംദിവസങ്ങളില്‍ കൂടുതല്‍ കര്‍ശനമായി നിയന്ത്രണങ്ങള്‍ നടപ്പാക്കുമെന്നു ഇരിങ്ങാലക്കുട സിഐ അനീഷ് കരീം പറഞ്ഞു. കാറളം, കാട്ടൂര്‍, പടിയൂര്‍ പഞ്ചായത്തുകളിലെ കണ്ടെയ്ന്മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. കാറളം പഞ്ചായത്തില്‍ ഒന്ന്, രണ്ട്, മൂന്ന്, 11, 12, 13, 14, 15 വാര്‍ഡുകളാണു കണ്ടെയ്ന്മെന്റ് സോണുകളായി കളക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വാര്‍ഡുകള്‍ക്കു പുറമേ, പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലെ കടകള്‍ക്കും സമയനിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനു ഗ്രാമപഞ്ചായത്ത് യോഗം തീരുമാനിച്ചു. അവശ്യസാധനങ്ങള്‍ വില്‍പ്പന നടത്തുന്ന കടകള്‍ രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണു പ്രവര്‍ത്തിക്കുന്നത്. ഇത് പഞ്ചായത്തിലെ മുഴുവന്‍ കടകള്‍ക്കും ബാധകമാക്കാനാണു തീരുമാനം. പഞ്ചായത്തില്‍ ഡൊമിസിലിയറി കെയര്‍ സെന്റര്‍ ആരംഭിക്കും. താണിശേരി വിമല സെന്റര്‍ സ്കൂളിലാണു 50 കിടക്കകളുള്ള സെന്റര്‍ ഒരുക്കുന്നത്. പടിയൂര്‍ പഞ്ചായത്തില്‍ 11-ാം വാര്‍ഡാണു കണ്ടെയ്ന്മെന്റ് സോണായിരിക്കുന്നത്. ഇടവഴികള്‍ അടച്ചു. കാട്ടൂര്‍ പഞ്ചായത്തില്‍ 10-ാം വാര്‍ഡ് കണ്ടെയ്ന്മെന്റ് സോണും മൂന്നാം വാര്‍ഡിലെ ലക്ഷം വീട് കോളനി മൈക്രോ കണ്ടെയന്‍മെന്റ് സോണുമാണ്. ഇവിടെയും നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് തീരുമാനം.