ജനറല്‍ ആശുപത്രിയിലെ വാക്സിനേഷന് കാമ്പില്‍ സാമൂഹിക അകലം സ്വപ്നം മാത്രം
വന്നാല്‍ കിട്ടും, വാക്സിന്…….അല്ലെങ്കില്‍ കോവിഡ്
ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയില്‍ കോവാക്സിന് രണ്ടാം ഡോസ് സ്വീകരിക്കാന്‍ എത്തിയവരുടെ വലിയ തിരക്ക്. ഇതോടെ കോവിഡ് വാക്സിന് കേന്ദ്രങ്ങത്തിലും രോഗവ്യാപന സാധ്യതയേറെയായി. വയോധികര്‍ക്കൊപ്പം സഹായികളും വാഹനങ്ങളില്‍ എത്തുന്നതോടെ തിരക്കു കൂടുന്ന സാഹചര്യമാണ്. വാക്സിന് എടുക്കുവാന്‍ എത്തുന്നവര്‍ വേണ്ടത്ര സൗകര്യങ്ങളില്ലാത്തതിനാല്‍ മഴയും വെയിലും കൊണ്ട് നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ദൂരസ്ഥലങ്ങളില്‍ നിന്ന് വാക്സിന് സ്വീകരിക്കാനെത്തിയത് ഏറെ ബഹളത്തിനിടയാക്കി. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ജൂണ്‍ 10 നു മുമ്പായി കോവാക്സിന് ആദ്യഡോസ് സ്വീകരിച്ചവര്‍ക്ക് രണ്ടാം ഡോസ് വാക്സിന് നല്കുന്നതിനായിട്ടായിരുന്നു സൗകര്യമൊരുക്കിയിരുന്നത്. തിരക്ക് ഒഴിവാക്കുന്നതിനായി അധികൃതര്‍ സമയക്രമവും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ആശുപത്രി അധികൃതരുടെ നോട്ടീസ് മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡയകളിലൂടെയും വ്യാപകമായി പ്രചരിച്ചതോടെയാണ് മറ്റ് ജില്ലകളില്‍ നിന്നുള്ളവരടക്കമുള്ളവര് രാവിലെ മുതല്‍ തന്നെ ആശുപത്രിയിലേക്കു ഒഴുകിയെത്തിയത്. ഇതുമൂലം വാക്സിനേഷന് സെന്ററിനു മുന്നില്‍ വലിയ തിരക്കിനും ആരോഗ്യപ്രവര്‍ത്തകരുമായുള്ള ബഹളത്തിനും ഇടയാക്കി. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ വാക്സിന് സ്വീകരിച്ചവര്ക്കെന്ന് അറിയിപ്പില്‍ ഉണ്ടായിരുന്നെങ്കിലും ഇരിങ്ങാലക്കുടയ്ക്ക് പുറത്തുനിന്നുള്ളവര്‍ക്ക് എന്നുള്ള പരാമര്‍ശമാണ് ബഹളത്തിനിടയാക്കിയത്. ആശുപത്രി അധികൃതര്‍ ജനങ്ങളെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. ബഹളം വര്‍ധിച്ചതോടെ ഇരിങ്ങാലക്കുട എസ്ഐ ഷറഫുദ്ദീന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി ആശുപത്രി അധികൃതര്‍ നല്‍കിയിരുന്ന നോട്ടീസ് വായിച്ച് കേള്‍പ്പിച്ച് ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയവരുടെ പേരും വിലാസവും ഫോണ്‍ നമ്പറും ആരോഗ്യപ്രവര്‍ത്തകര്‍ ഏഴുതിവാങ്ങി. വാക്സിന് ലഭിക്കുന്ന മുറയ്ക്ക് മുന്‍ഗണന നല്കി വിളിക്കാമെന്ന ഉറപ്പില്‍ പുറത്തുനിന്നും എത്തിയവരെ തിരിച്ചയക്കുകയായിരുന്നു.