കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ ആദ്യശീവേലി പഞ്ചാരിയില്‍ നാദവിസ്മയം തീര്‍ത്തു
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ ആദ്യശീവേലി പഞ്ചാരിയില്‍ നാദവിസ്മയം തീര്‍ത്തു. പ്രഗത്ഭ മേളകലാകാരനായ കലാനിലയം ഉദയന്‍ നമ്പൂതിരിയുടെ പ്രമാണത്തിലായിരുന്നു ആദ്യ ശീവേലിമേളം. രാവിലെ ആചാര പ്രദിക്ഷണങ്ങള്‍ക്ക് ശേഷം 9.30 ന് നടന്ന ആദ്യശീവേലി പഞ്ചാരിമേളത്തിന് തുടക്കം കുറിച്ചു. ഇടയ്ക്കയും തിമിലയും ചെണ്ടയും തവിലിലും കൊട്ടിത്തീര്‍ത്ത 120 ലേറെ കലാകാരന്മാരുടെ പഞ്ചാരിമേളത്തിന്റെ സംഗീതാത്മകതയില്‍ ജനങ്ങള്‍ മുഴുകി. രാവിലത്തെ അനാര്‍ഭാടമായ നാലു പ്രദക്ഷിണത്തിനു ശേഷം പഞ്ചാരിമേളത്തിന്റെ പതികാലത്തിന്റെ ആദ്യസ്പന്ദനം പൊട്ടിത്തെറിക്കുന്നതോടെ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന നാദപ്രപഞ്ചത്തിന് നാന്ദി കുറിക്കുകയായി. മേളങ്ങളുടെ രാജാവായ പഞ്ചാരിമേളം അഞ്ചു കാലങ്ങളിലാണ് കൊട്ടുന്നത്. സാധാരണ നിലയ്ക്ക് നല്ല പഞ്ചാരി നാലു മണിക്കൂര്‍ നീണ്ടുനില്ക്കുന്നു. ഇതില്‍ പകുതിയോളം സമയം ആദ്യത്തെ കാലം അല്ലെങ്കില്‍ പതികാലത്തിനായി നീക്കിവെക്കുന്നു. സംഗീതാത്മകമായ ഈ പതികാലമത്രെ പഞ്ചാരിമെളത്തിന്റെ കാതല്‍. പിന്നീടുള്ള നാലു കാലങ്ങള്‍ക്കും തുല്യസമയമാണ് വിധിച്ചിട്ടുള്ളതെങ്കിലും ജനാഭിലാഷം മാനിച്ച് അഞ്ചാം കാലം പലപ്പോഴും അമ്പതു മിനിറ്റു വരെ കൊട്ടാറുണ്ട്. പതികാലവും അഞ്ചാം കാലവും നന്നായാല്‍ മേളം നന്നായെന്നാണ് വെയ്പ്. അക്ഷരകാലങ്ങളുടെ ഏറ്റക്കുറച്ചിലുകളിലൂടെയാണ് മേളത്തിലെ കാലങ്ങള്‍ നിര്‍ണ്ണയം ചെയ്യപ്പെട്ടിട്ടുള്ളത്. പതികാലത്തിന് ഒരു താളവട്ടം 96 ആക്ഷരകാലമാണെങ്കില് രണ്ടാം കാലത്തിന് 48 ആണ്. അപ്രകാരം നേര്‍പകുതി കണ്ട് കുറഞ്ഞുവന്ന് അഞ്ചാം കാലത്തില്‍ 6 അക്ഷരകാലമായി തീരുന്നു.
കൂടല്‍മാണിക്യത്തില്‍ ഇന്ന്-മൂന്നാം ഉത്സവം
രാവിലെ 8.30 മുതല്‍ ശീവേലി, ഉച്ചയ്ക്ക് രണ്ടു മുതല്‍ 2.30 വരെ ദേവകിസംഘം അവതരിപ്പിക്കുന്ന തിരുവാതിരക്കളി, 2.30 മുതല്‍ 3.30 വരെ സുനില്‍കുമാറും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യം, 3.30 മുതല്‍ 4.30 വരെ കുമാരി വൈഗ കെ. സജീവ് അവതരിപ്പിക്കുന്ന ഭരതനാട്യക്കച്ചേരി, 4.30 മുതല്‍ 5.30 വരെ പത്മപ്രിയയും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യം, 5.30 മുതല്‍ 6.30 വരെ കലാക്ഷേത്ര ഡാന്‍സ് ആന്‍ഡ് മ്യൂസിക് ലേണിംഗ് സെന്റര്‍ അവതരിപ്പിക്കുന്ന നൃത്തശില്പം, വൈകീട്ട് 6.30 മുതല്‍ രാത്രി ഒമ്പതു വരെ കര്‍ണാടക സംഗീതം, രാത്രി ഒമ്പതു മുതല്‍ 10.30 വരെ മൃദുസ്മിത ദാസ് ബോറയും സംഘവും അവതരിപ്പിക്കുന്ന സത്രിയ നൃത്തം, രാത്രി 9.30 മുതല്‍ വിളക്ക്, തുടര്‍ന്ന് കിഴക്കൂട്ട് അനിയന് മാരാറിന്റെ നേതൃത്വത്തിലുള്ള പഞ്ചാരിമേളം, രാത്രി 12 മുതല്‍ നളചരിതം ഒന്നാംദിവസം കഥകളി. വൈകീട്ട് 5.30 നു പാഠകം, 6.30 നു കുറത്തിയാട്ടം, രാവിലെ ശീവേലിക്കുശേഷം സന്ധ്യാവേലപ്പന്തലില്‍ ഓട്ടന്തുള്ളല്, വൈകീട്ട് 4.30 മുതല്‍ സോപാനസംഗീതം, സന്ധ്യക്ക് കേളി, നാഗസ്വരം, മദ്ദളപ്പറ്റ്, കൊമ്പുപറ്റ്, കുഴല്‍പ്പറ്റ് എന്നിവ ഉണ്ടാകും.
പേ ആന്‍ഡ് പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തി
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് പേ ആന്‍ഡ് പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തി. വന്‍ ഭക്തജനത്തിരക്ക് അനുഭവപ്പെടുമെന്നുള്ളതുകൊണ്ടാണു ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരക്കുമൂലം പലപ്പോഴും വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുവാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. ദേവസ്വം അധീനതയിലുള്ള ഇരിങ്ങാലക്കുട കച്ചേരിവളപ്പിലെ പഴയ താലൂക്ക് റെക്കോര്‍ഡ് ഓഫീസാണ് പേ ആന്‍ഡ് പാര്‍ക്കിംഗ് സൗകര്യത്തിനായി കണ്ടെത്തിയിരിക്കുന്നത്. പേ ആന്‍ഡ് പാര്‍ക്കിംഗിന്റെ ഔപചാരിക ഉദ്ഘാടനം കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് നിര്‍വഹിച്ചു.
സംഗമസാഹിതി സാഹിത്യോത്സവം ഉദ്ഘാടനം
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് എഴുത്തുകാരുടെ സംഘടനയായ സംഗമസാഹിതിയുടെ 11 ദിവസം നീണ്ടുനില്‍ക്കുന്ന സാഹിത്യോത്സവം കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് ഉദ്ഘാടനം ചെയ്തു. ആദ്യ ദിനത്തില്‍ സിന്റി സ്റ്റാന്‍ലിയുടെ കവിതാസമാഹാരമായ ‘സന്ധ്യകളിലൂടെ കടലിലേക്ക്’ എന്ന പുസ്തകത്തിന്റെ പ്രകാശനം കവി സെബാസ്റ്റ്യന്‍ അരുണ്‍ ഗാന്ധിഗ്രാമിനു പുസ്തകം നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. പ്രഫ. സാവിത്രി ലക്ഷ്മണന് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയഗിരി മുഖ്യാതിഥിയായിരുന്നു. സിമിത ലെനീഷ്, രാധാകൃഷ്ണന് വെട്ടത്ത്, രാധിക സനോജ്, മുഹമ്മദ് ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു.