കിഡ്നി തട്ടിപ്പ് കേസിലെ പ്രതി അറസ്റ്റില്‍
ഇരിങ്ങാലക്കുട: കിഡ്നി സംബന്ധമായ അസുഖമുള്ളവരെ സമീപിച്ച് അനുയോജ്യമായ കിഡ്നി നല്‍കാമെന്നു പറഞ്ഞു അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റിലായി. ചേര്‍പ്പ് പഴുവില്‍ സ്വദേശി പണിക്കവീട്ടില്‍ അക്ബറിനെയാണ് (39) തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിര്‍ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസ്, ഇന്‍സ്പെക്ടര്‍ അനീഷ് കരീം എന്നിവര്‍ അറസ്റ്റു ചെയ്തത്. മൂര്‍ക്കനാട് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരന്റെ ബ്ലഡ് ഗ്രൂപ്പിന് ചേര്‍ന്ന കിഡ്നി നല്‍കാമെന്നും, ഓപ്പറേഷന് ഒഴികെയുള്ള ടെസ്റ്റുകളും നടത്തി തരാമെന്നും പറഞ്ഞ് ഇക്കഴിഞ്ഞ നവംബറില്‍ അഞ്ചുലക്ഷം തട്ടിയെടുത്തെന്നാണ് പരാതി. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും കിഡ്നി ലഭിക്കാത്തതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ നാട്ടിക ഭാഗത്തു നിന്നാണ് അന്വേഷണ സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ അറസ്റ്റ് ചെയ്തതറിഞ്ഞാല്‍ കൂടുതല്‍ പരാതികള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇരിങ്ങാലക്കുട ഇന്‍സ്പെക്ടര്‍ അനീഷ് കരീം, എസ്ഐ എം.എസ്. ഷാജന്, ഡിവൈഎസ്പി സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ മുഹമ്മദ് അഷറഫ്, സീനിയര്‍ സിപിഒ മാരായ ഇ.എസ്. ജീവന്, സോണി സേവ്യര്‍, സിപിഒ കെ.എസ്. ഉമേഷ്, ജില്ലാ ക്രൈം ബ്രാഞ്ച് എസ്ഐ. സ്റ്റീഫന്‍, എഎസ്ഐ പി. ജയകൃഷ്ണന്, ഷറഫുദ്ദീന്, എം.വി. മാനുവല്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.