ഇരിങ്ങാലക്കുടയുടെ കാര്‍ഷിക സ്രോതസ് ഉപയോഗിക്കണം: മന്ത്രി ആര്. ബിന്ദു
ഇരിങ്ങാലക്കുട: വൈവിധ്യമാര്‍ന്ന കൃഷിയിറക്കിയിരുന്ന കാര്‍ഷിക മേഖലയാണ് ഇരിങ്ങാലക്കുട എന്നും നാടിന്റെ കാര്‍ഷിക സ്രോതസ് പരമാവധി ഉപയോഗിക്കണമെന്നും ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അഭിപ്രായപ്പെട്ടു. വഴുതനയിലെ ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ വിളവെടുപ്പ് കൂടല്‍മാണിക്യം ദേവസ്വത്തിന്റെ കീഴേടമായ കളത്തുംപടി ദുര്‍ഗാദേവീ ക്ഷേത്രാങ്കണത്തില്‍ വച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഇരിങ്ങാലക്കുട നഗരത്തിന് ചുറ്റുമുള്ള പഞ്ചായത്തുകള്‍ എല്ലാം തന്നെ ഒരു കാലത്ത് സമൃദ്ധമായി കൃഷി ചെയ്തിരുന്നവയാണ്. ഇപ്പോള്‍ തരിശായി കിടക്കുന്നതും മികച്ച രീതിയില്‍ കൃഷി നടത്തുന്നതുമായ സ്ഥലങ്ങളുണ്ട്. കാര്‍ഷിക വൃത്തി അറിയാവുന്ന വലിയൊരു ജനത ഇവിടെയുണ്ടെന്നും നാടിന്റെ കാര്‍ഷിക സ്രോതസുകള്‍ ഉപയോഗിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുക്കപ്പെട്ട സസ്യജാലങ്ങളുടെ വൈവിധ്യം സംരക്ഷിക്കുക. ലഭ്യമാകുന്ന ശാസ്ത്ര സാങ്കേതിക വിദ്യകളുടെ എല്ലാ സാധ്യതകളും ഉപയോഗിച്ചുകൊണ്ട് പുതിയവ വികസിപ്പിക്കുക തുടങ്ങിയ കാഴ്ചപ്പാട് ഒക്കെ ജൈവ വിളകളുടെ വൈവിധ്യ ഉദ്യാന പദ്ധതിയിലുണ്ട്. ഇവിടെ ദേവസ്വത്തിന്റെ വഴിപാടിന് വേണ്ടിയുള്ള വഴുതന ആവശ്യത്തിനായാണ് കൃഷി ആരംഭിച്ചത്. ദേവസ്വത്തിന്റെ വിശാലമായ സ്ഥലത്ത് ഇനിയും കൂടുതല്‍ കൃഷി ചെയ്യാന്‍ കഴിയട്ടെ എന്നും മന്ത്രി ആശംസിച്ചു. കൃഷി വകുപ്പും കാര്‍ഷിക സര്‍വകലാശാലയും ദേശീയ സസ്യ ജൈവ വൈിധ്യ ബോര്‍ഡും കൂടി ചേര്‍ന്നാണ് കൂടല്‍മാണിക്യം ദേവസ്വത്തിന്റെ കീഴില്‍ വഴുതന കൃഷി നടത്തുന്നത്. 25 തരം വഴുതനങ്ങകള്‍ ആണ് പത്ത് സെന്റ് ഭൂമിയില്‍ കൃഷി ചെയ്തത്. അര്‍ക്കാ നിധി, ടിസിആര്‍ 373, 374, തുടങ്ങിയ ഇനങ്ങളില്‍ ഉള്ള വഴുതന ആണ് കൃഷി ചെയ്തത്. അമ്പത് കിലോക്ക് അടുത്ത് വിളവെടുപ്പിനുള്ള വഴുതനയുണ്ട്. തിരുവോണനാള്‍ സദ്യക്ക്, വഴുതന നിവേദ്യമായും ഭക്തജനങ്ങള്‍ക്ക് നല്കി. ഇരിങ്ങാലക്കുട ബ്ലോക്ക് കാര്‍ഷിക വികസന കേന്ദ്രം വഴിയാണ് പദ്ധതി നടപ്പിലാക്കിയത്. നാടന്‍ ഇനത്തില്‍പെട്ട വിത്തുകള്‍ കൃഷി വകുപ്പ് വഴി നല്കി. ചടങ്ങില്‍ എന്ബിപിജിആര് സയന്റിസ്റ്റ് ഡോ. സുമ, കേരള കാര്‍ഷിക സര്‍വകലാശാല അസിസ്റ്റന്റ് പ്രഫ. ഡോ. സ്മിത ബേബി എന്നിവര്‍ വഴുതനയിലെ ജൈവ വൈവിധ്യങ്ങളെക്കുറിച്ച് സംസാരിച്ചു.