ട്രാഫിക് നിയമലംഘകര്‍ ജാഗ്രതൈ… കരുതിക്കോ… കാമറ കണ്ണുകൾ ഇനിയെല്ലാം കാണും 24 മണിക്കൂറും നിരീക്ഷണം
ഇരിങ്ങാലക്കുട: ട്രാഫിക് നിയമലംഘനങ്ങളും കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട വാഹനങ്ങളും പിടികൂടാന്‍ പോലീസിന് സഹായകമാകുന്ന ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെകഗ്നൈസേഷന്‍ സിസ്റ്റം (എഎന്‍പിആര്‍) പ്രവര്‍ത്തനമാരംഭിച്ചു. ട്രാഫിക് നിയമലംഘനങ്ങള്‍ തടയുകയാണ് സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയാല്‍ ഉടമകളെ മൊബൈല്‍ ഫോണിലൂടെ വിവരം അറിയിക്കും. റൂറല്‍ ജില്ലയിലെ മലക്കപ്പാറ, കോട്ടപ്പുറം, പെരുമ്പുഴ, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലാണ് നൂതന എഎന്‍പിആര്‍ കാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഈ കാമറകള്ക്കുപുറമേ, വാഹനങ്ങളുടെയും യാത്രക്കാരുടെയും വ്യക്തമായ ചിത്രങ്ങള്‍ ലഭിക്കുന്ന കാമറകളും ജില്ലയിലെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. ട്രാഫിക് നിയമലംഘനം നടത്തുന്നതടക്കമുള്ള വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളുടെ വ്യക്തമായ ചിത്രങ്ങളും വീഡിയോകളും ഈ കാമറകള്‍ ശേഖരിച്ച് സൂക്ഷിക്കും. സിസ്റ്റത്തില്‍ സേവ് ചെയ്യുന്ന സംശയാസ്പദ വാഹനങ്ങള്‍ കടന്നുപോയാല്‍ അലാം വഴി കണ്ട്രോള് റൂമില്‍ അറിയിപ്പ് ലഭിക്കും. ഇരിങ്ങാലക്കുടയില്‍ പുതുതായി പണികഴിപ്പിച്ച തൃശൂര്‍ റൂറല്‍ ജില്ലാ ആസ്ഥാനത്താണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഒരേസമയം രണ്ട് പോലീസ് ഉദ്യോഗസ്ഥരെ 24 മണിക്കൂറും ഇതിന്റെ നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട് രക്ഷപ്പെടുന്ന വാഹനങ്ങളുടെ റൂട്ടുകള്‍ നിമിഷങ്ങള്‍ക്കകം കണ്ടുപിടിക്കാനും ഇതിലൂടെ പോലീസിന് സാധിക്കും. സംവിധാനത്തിന്റെ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയാണ് ഉദ്ഘാടനം നടത്തിയത്. റൂറല്‍ എസ്പി ഐശ്വര്യ ഡോങ്രേ ഉദ്ഘാടനം നിര്‍വഹിച്ചു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസ്, ഇന്‍സ്പെക്ടര്‍ അനീഷ് കരീം, സൈബര്‍ പോലീസ് ഇന്‍സ്പെക്ടര്‍ സുനില്‍കൃഷ്ണ എന്നിവര്‍ പങ്കെടുത്തു.