സാഹിത്യ സംവാദത്തില്‍ എഴുത്തനുഭവനുഭവങ്ങള് പങ്കുവെച്ച് കവികളായ സച്ചിദാനന്ദനും ബാലചന്ദ്രന് ചുള്ളിക്കാടും
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് മലയാള വിഭാഗത്തിന്റെ നേതൃത്വത്തില്‍ സാഹിത്യ സംവാദം നടന്നു. മലയാളത്തിന്റെ പ്രിയ കവികളായ കെ. സച്ചിദാനന്ദനും ബാലചന്ദ്രന് ചുള്ളിക്കാടും തങ്ങളുടെ എഴുത്തനുഭവങ്ങള്‍ പങ്കുവെച്ചു. തന്നിലെ കവിയെ രൂപപ്പെടുത്തിയത് സച്ചിദാനന്ദനാണ് എന്ന് ബാലചന്ദ്രന് ചുള്ളിക്കാട് പ്രസ്താവിച്ചു. ജീവന്റെ സങ്കീര്‍ണമായ രഹസ്യങ്ങളുടെ ആവിഷ്കാരമാണ് സാഹിത്യം; പ്രത്യേകിച്ച് കവിത എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസ്ഥാനങ്ങളിലും സിദ്ധാന്തങ്ങളിലും വിശ്വാസം കുറഞ്ഞ് കവിതയില്‍ മാത്രം അഭിരമിക്കാന്‍ പ്രായമാവുന്ന കാലത്താണു ഞാനിപ്പോഴെന്ന് കെ. സച്ചിദാനന്ദന് അഭിപ്രായപ്പെട്ടു. സമകാല നിരൂപകരില്‍ ശ്രദ്ധേയനായ കെ.വി. സജയാണ് പരിപാടിയുടെ മോഡറേറ്റര്‍ ആയിരുന്നത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ നിധിന സച്ചിദാനന്ദന്റെ മീര പാടുന്നു എന്ന കവിത മോഹിനിയാട്ട രൂപത്തില്‍ അവതരിപ്പിച്ചു. സച്ചിദാനന്ദനും ബാലചന്ദ്രന് ചുള്ളിക്കാടും കവിതകള്‍ അവതരിപ്പിച്ചു. സ്കൂള്‍ കാലഘട്ടത്തില്‍ രചിച്ച ശീര്‍ഷകമില്ലാത്ത കവിത ആദ്യമായി ബാലചന്ദ്രന് ചുള്ളിക്കാട് ഒരു വേദിയില്‍ ചൊല്ലിയതായിരുന്നു പരിപാടിക്ക് മാറ്റ് കൂട്ടിയത്. തുടര്‍ന്ന് അധ്യാപകരും ഗവേഷകരുമായുള്ള ചര്‍ച്ചയും നടന്നു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ എലൈസ, മലയാളം വകുപ്പ് മേധാവി ലിറ്റി ചാക്കോ, അധ്യാപിക എന്‍. ഉര്‍സുല എന്നിവര്‍ സംസാരിച്ചു. ജീവിതം കൊണ്ട് എഴുത്തിനെ അടയാളപ്പെടുത്തിയ രണ്ട് കുലപതികള്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇരിങ്ങാലക്കുടയില്‍ ഒത്തുചേര്‍ന്നതിന്റെ വൈകാരികമായ ആനന്ദം കൂടിയായി ഈ ചടങ്ങ്.