മണ്ഡലത്തിന്റെ വികസനത്തിനായി ബജറ്റില്‍ ഓരോ വര്‍ഷവും കോടികളുടെ പ്രഖ്യാപനങ്ങള്‍
ഇരിങ്ങാലക്കുട: ഓരോ വര്‍ഷവും ബജറ്റില്‍ മണ്ഡലത്തിന്റെ വികസനത്തിനായി കോടികളുടെ പ്രഖ്യാപനങ്ങള്‍ നടത്തുമ്പോഴും മുന്‍ വര്‍ഷങ്ങളില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ പലതും നടപ്പിലാകാതെ കടലാസിലൊതുങ്ങി. തുടക്കം കുറിക്കുവാന്‍ പോലും പല പദ്ധതികള്‍ക്കും സാധിച്ചിട്ടില്ല എന്നുള്ളത് ഏറെ ഖേദകരം. ചില പദ്ധതികള്‍ പാതിവഴിയിലോ അല്ലെങ്കില്‍ ഉപേക്ഷിച്ച അവസ്ഥയിലുമാണ്. കഴിഞ്ഞവര്‍ഷം ബജറ്റില്‍ അംഗീകാരമായ വല്ലക്കുന്ന് നെല്ലായി റോഡിന് 10 കോടിയുടെയും കുട്ടന്‍കുളം സംരക്ഷണത്തിനും നവീകരണത്തിനും അഞ്ചു കോടിയുടെയും പദ്ധതികള്‍ക്ക് സാങ്കേതിക അനുമതിക്കായി ഇനിയും കാത്തിരിക്കുകയാണ്. വെള്ളാനി പുളിയംപാടം, കല്ലട ഹരിപുരം ലിഫ്റ്റ് ഇറിഗേഷന്‍, ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ചുറ്റുമതില്‍ ടൈല്‍ വിരിക്കല്‍, കാറളം ആലുകടവ് പാലം, കിന്‍ഫ്രാ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, കെട്ടുചിറ ബ്രാഞ്ച് കനാല്‍ റോഡ് ബിഎം ആന്‍ഡ് ബിസി, പടിയൂര്‍ പഞ്ചായത്ത് കുത്തുമാക്കല്‍ ഷട്ടര്‍ നിര്‍മാണം, ആനന്ദപുരം സിഎച്ച്സി സ്റ്റാഫ് ക്വാട്ടേഴ്സ്, ഇരിങ്ങാലക്കുട നാടകക്കളരി തിയേറ്റര്‍ സമുച്ചയം, കളത്തുംപടിയില്‍ ഷണ്മുഖം കനാലിന് കുറുകെ പാലം, ഇരിങ്ങാലക്കുട മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയം, പൂമംഗലം പടിയൂര്‍ കോള്‍ വികസന പദ്ധതി, ആളൂര്‍ ഗവണ്മെന്റ് കോളജ്, കെട്ടുചിറ സ്ലൂയിസ് കം ബ്രിഡ്ജ്, കിഴുത്താനി ജംഗ്ഷന് സൗന്ദര്യവല്‍ക്കരണം, ഇരിങ്ങാലക്കുട ജിജിഎച്ച്എസ്എസ് പുതിയ കെട്ടിടം, കാട്ടൂര്‍ സിഎച്ച്സി പുതിയ കെട്ടിടം, കനോലി കനാല്‍ വീതിയും ആഴവും കൂട്ടല്‍, ആളൂര്‍ ഗ്രാമപഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതി, ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി എംആര്‍ഐ ആന്‍ഡ് സിടി സ്കാന്‍ യൂണിറ്റ്, കോന്തിപുലം പാടം സ്ഥിരം തടയണ നിര്‍മാണം എന്നീ പദ്ധതികള്‍ ഒന്നും ആകാത്ത അവസ്ഥയിലാണ്. 2021 ലെ ബജറ്റില്‍ ഇടംപിടിച്ച ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷന് ഫല്‍റ്റ് ടൈപ്പ് ക്വാര്‍ട്ടേഴ്സ് നിര്‍മാണത്തിനായി 2.5 കോടി, ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിട നിര്‍മാണത്തിനായി അഞ്ചു കോടി, ഇരിങ്ങാലക്കുട മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണത്തിനായി 10 കോടി, ഇരിങ്ങാലക്കുട ജുഡീഷ്യല്‍ കോര്‍ട്ട് കോംപ്ലക്സ് കെട്ടിടം രണ്ടാംഘട്ട നിര്‍മാണത്തിനായി 42.60 കോടി, കാറളം പഞ്ചായത്തിലെ നന്തി ടൂറിസം പ്രൊജക്ടിനായി അഞ്ചു കോടി, കല്ലേറ്റുംകര ടൗണ്‍ വികസനത്തിനായി 3.5 കോടി, കുട്ടംകുളം സമര സ്മാരക നിര്‍മാണത്തിനായി രണ്ടു കോടി, ആളൂര്‍ പഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതിയ്ക്കായി 50 കോടി, കണ്ണിക്കര വെങ്കുളം ചിറ കനാല്‍ സംരക്ഷണത്തിനായി ഒരു കോടി, കെട്ടുചിറ ബ്രാഞ്ച് കനാലില്‍ 720 മീറ്റര്‍ വരെ ബിഎംബിസി നിലവാരത്തില്‍ പുനരുദ്ധാരണത്തിനായി 1.50 കോടി, കെഎല്‍ഡിസി കനാല്‍, ഷണ്മുഖം കനാല്‍ സംയോജനത്തിനായി 20 കോടി എന്നീ പദ്ധതികളും പ്രഖ്യാപനത്തിലൊതുങ്ങിയ അവസ്ഥയിലാണ്.