സലീമിന്റെ ജൈവമഞ്ഞള്കൃഷി പകര്‍ത്താന്‍ കൊറിയന്‍ സംഘം
വള്ളിവട്ടം: വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിലെ സലീം കാട്ടകത്തിന്റെ മഞ്ഞള്‍കൃഷി മനസിലാക്കാനും കൃഷിരീതികള്‍ ചിത്രീകരിക്കാനും കൊറിയന്‍ സംഘം. കൊറിയന്‍ ബ്രോഡ് കാസ്റ്റിങ് സിസ്റ്റത്തിനുവേണ്ടി വിവിധ രാജ്യങ്ങളിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ ഉല്പാദനം മുതല്‍ ഉപയോഗം വരെയുള്ളവ ചിത്രീകരിക്കുന്നതിന്റെ ഭാഗമായാണ് ലാലാ ക്രിയേറ്റീവ്സിന്റെ സിഇഒ നതാന്‍ ചോ, നിര്‍മാതാവ് ഹ്വാങ് സെബിന്, ഇവരുടെ സഹായി ജുന്സൂ ലീ എന്നിവര്‍ വള്ളിവട്ടത്തെത്തിയത്. ഏലം, മഞ്ഞള്‍, കുരുമുളക്, മുളക് കൃഷികളെക്കുറിച്ചാണ് ഇന്ത്യയിലെ ചിത്രീകരണം. മഞ്ഞള്‍ വിളവെടുപ്പ്, വൃത്തിയാക്കല്‍, കഴുകല്‍, സംസ്കരണം, ഉണക്കല്‍. പൊടിക്കല്‍, മഞ്ഞള്‍പ്പൊടിയുടെ ഉപയോഗം ഉള്‍പ്പെടെ ചിത്രീകരിച്ചു. 13 വര്‍ഷമായി ജൈവ രീതിയില്‍ മഞ്ഞള്‍കൃഷി ചെയ്യുന്ന സലീം അഞ്ചേക്കറിലധികം സ്ഥലത്ത് ഈ വര്‍ഷം കൃഷിയിറക്കിയിട്ടുണ്ട്.