ഇരിങ്ങാലക്കുട നഗരസഭ മന്ദിര പരിസരം സാമൂഹ്യദ്രോഹികളുടെ കേന്ദ്രമായി മാറുന്നു
ഇരിങ്ങാലക്കുട: നഗരസഭ മന്ദിര പരിസരം സാമൂഹ്യദ്രോഹികളുടെ കേന്ദ്രമായും മാലിന്യനിക്ഷേപ കേന്ദ്രമായും മാറുന്നു. നഗരസഭ ഓഫീസിന് തൊട്ട് തന്നെയുള്ള നഗരസഭയുടെ തന്നെ അധീനതയിലുള്ള കസ്തൂര്‍ബ ഷോപ്പിംഗ് കോംപ്ലക്സിന്റെ പുറക് വശമാണ് മദ്യകുപ്പികളുടെയും സിഗരറ്റ് കുറ്റികളുടെയും പാന്‍ മസാല കവറുകളുടെയും കുടിവെള്ള ബോട്ടലുകളുടെയും നിക്ഷേപ കേന്ദ്രമായി മാറിയിരിക്കുന്നത്. രാത്രികാലങ്ങളില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണെന്നും ആക്ഷേപം ഉയരുന്നുണ്ട്. പോലീസിന്റെ സഹായത്തോടെ കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ന്യൂനപക്ഷ മോര്‍ച്ച ജില്ലാ സെക്രട്ടറി ഷിയാസ് പാളയംങ്കോട്ട് തദ്ദേശ വകുപ്പിനും നഗരസഭ സെക്രട്ടറിക്കും പരാതി നല്കി. ലഹരിക്കെതിരെയുളള പോരാട്ടം സംസ്ഥാന തലത്തില്‍ തന്നെ നടക്കുമ്പോള്‍ മുന്‍ നിരയില്‍ നില്‍ക്കേണ്ട തദ്ദേശസ്ഥാപനത്തിന്റെ പരിസരം തന്നെ ലഹരി വ്യാപന പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറുകയാണെന്ന് പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.