മാരാംകുളം കുടിവെള്ള പദ്ധതിക്ക് ജീവന്‍വെക്കുന്നു
കുടിവെള്ള ടാങ്ക് നിര്‍മിച്ച് 13 വര്‍ഷത്തിന് ശേഷം പൈപ്പിടല്‍
പടിയൂര്‍: പഞ്ചായത്ത് തെക്കന്‍ മേഖലയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി നിര്‍മിച്ച മാരാംകുളം ടാങ്കില്‍നിന്ന് കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതി യാഥാര്‍ഥ്യമാകുന്നു. ടാങ്ക് നിര്‍മിച്ച് 13 വര്‍ഷത്തിന് ശേഷമാണ് പദ്ധതി പൂര്‍ത്തിയാക്കാനാവശ്യമായ പൈപ്പിടല്‍ ആരംഭിച്ചിരിക്കുന്നത്. ഒരു ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കിലേക്ക് പിഡബ്ല്യുഡി റോഡ് മുറിച്ച് പൈപ്പ് ലൈന്‍ വലിക്കാന്‍ സാധിക്കാത്തതാണ് പദ്ധതി നീണ്ടുപോകാന്‍ കാരണം. ജില്ലാ പഞ്ചായത്തിന്റെ 22 ലക്ഷം, ബ്ലോക്ക് പഞ്ചായത്തിന്റെ അഞ്ച്, ഗ്രാമപഞ്ചായത്തിന്റെ പത്ത് ലക്ഷം എന്നിങ്ങനെ 37 ലക്ഷം ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്. പടിയൂര്‍ പഞ്ചായത്തിന്റെ തെക്കന്‍ മേഖലകളായ കോങ്ങാടന് തുരുത്ത്, മുഴുവഞ്ചേരി തുരുത്ത്, കെട്ടുചിറ, മതിലകം കടവ്, പണ്ടാരത്തറ എന്നിവിടങ്ങളിലുള്ളവരാണ് ഇതിന്റെ ഗുണഭോക്താക്കള്‍. 2005 2006 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് ജില്ലാ പഞ്ചായത്ത് മാരാംകുളത്തിന് സമീപം 15 ലക്ഷം രൂപ ചെലവഴിച്ച് ടാങ്ക് നിര്‍മിച്ചത്. 2016ല്‍ ജില്ലാ പഞ്ചായത്ത് വാട്ടര്‍ അതോറിറ്റിയില്‍ 23 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്തിരുന്നു. എന്നാല്‍ പദ്ധതിക്കാവശ്യമായ റോഡ് കട്ടിങ്ങിന് പിഡബ്ല്യുഡിയുടെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് 2018ല്‍ ജില്ലാ പഞ്ചായത്ത് തുക തിരിച്ചെടുത്തു. ഇത് ഏറെ പ്രതിഷേധമുയര്‍ത്തിയിരുന്നു. തിരിച്ചെടുത്ത തുക വീണ്ടും അനുവദിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി ജില്ലാ പഞ്ചായത്തിന് അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പഞ്ചായത്ത് 22 ലക്ഷവും ബ്ലോക്ക് പഞ്ചായത്തില്‍നിന്ന് അഞ്ച് ലക്ഷവും അനുവദിച്ചത്. പദ്ധതി പൂര്‍ത്തിയാക്കാന്‍ വേണ്ടിവരുന്ന ബാക്കി തുക ബ്ലോക്കില്നിന്നോ പഞ്ചായത്തില്‍നിന്നോ ലഭ്യമാക്കാനാണ് തീരുമാനം.