വാഗ്മിതം പരിപാടിയില്‍ അവാര്‍ഡ് ജേതാക്കളെ ആദരിക്കലും മന്ത്രാങ്കം കൂത്തും
ഇരിങ്ങാലക്കുട: വാചികാഭിനയ സങ്കേതങ്ങളുടെ സംരക്ഷണത്തിന് യോജ്യമായ രീതിയില്‍ അരങ്ങുകള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി വാഗ്മിതം പരിപാടിക്ക് ഇരിങ്ങാലക്കുട ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് വേദിയൊരുക്കി. ഇതിനോടനുബന്ധിച്ച് കേരള സംസ്ഥാന കഥകളി പുരസ്ക്കാരത്തിന് അര്‍ഹനായ കലാനിലയം രാഘവനാശാന്, ജീവനകലയുടെ കലാസാരഥി പുരസ്കാര ജേതാവ് വേണുജി, കലാമണ്ഡലം അവാര്‍ഡിന് അര്‍ഹനായ കലാമണ്ഡലം ശിവദാസ് എന്നിവരെ ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബിന്റെ നേതൃത്വത്തില്‍ ആദരിച്ചു. അമ്മന്നൂര്‍ ചാച്ചുച്ചാക്ക്യാര് ഗുരുകുലത്തില്‍ നടന്ന അനുമോദന സമ്മേളനത്തില്‍ ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേര്‍സണ്‍ സോണിയാഗിരി അധ്യക്ഷത വഹിച്ചു. അനുമോദന സമ്മേളനത്തില്‍ കേരള കലാമണ്ഡലം മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ടി.കെ. നാരായണന് കലാപ്രതിഭകളെ ആദരിച്ചു. അനിയന് മംഗലശ്ശേരി, രമേശന് നമ്പീശന്, അഡ്വ. രാജേഷ് തമ്പാന് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പ്രതിമാസ പരിപാടിയുടെ ഭാഗമായി മന്ത്രാങ്കം കൂത്ത് അവതരിപ്പിച്ചു. കൂത്തിന്റേയും കൂടിയാട്ടത്തിന്റേയും കഥകളിയുടേയും പേരുകേട്ട ഇരിങ്ങാലക്കുടയില്‍ മന്ത്രാങ്കം അവതരിപ്പിക്കുന്നത് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. നാട്യകലയില്‍ നടന് വാചികാഭിനയത്തില്‍ ഏറ്റവും വലിയ സാധ്യത നല്കുന്ന കലാരൂപമായ കൂടിയാട്ടത്തിലെ വാചികാഭിനയത്തിന്റെ ശക്തമായ അവതരണമാണ് മന്ത്രാങ്കം. ഹാസ്യത്മകമായാണ് മാര്‍ഗി സജീവും സംഘവും മന്ത്രാങ്കം കൂത്ത് അവതരിപ്പിച്ചത്.