കുംഭവിത്ത് മേള കാര്‍ഷിക പ്രദര്‍ശനം ഇരിങ്ങാലക്കുടയില്‍ മാര്‍ച്ച് പത്തിന്
ഇരിങ്ങാലക്കുട: ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന സമഗ്ര കാര്‍ഷിക വികസന പദ്ധതി പച്ചക്കുടയുടെ ആഭിമുഖ്യത്തില്‍ കുഭവിത്ത്മേള എന്ന പേരില്‍ കാര്‍ഷിക പ്രദര്‍ശനം സംഘടിപ്പിക്കുന്നു. മാര്‍ച്ച് പത്തിന് ഇരിങ്ങാലക്കുട ടൗണ്‍ഹാളിലാണ് പ്രദര്‍ശനം. കുംഭമാസത്തില്‍ നടുന്ന വിത്ത് ഇനങ്ങളുടെ പ്രത്യേക പ്രദര്‍ശനവും വില്‍പ്പനയുമാണ് പ്രദര്‍ശനത്തിന്റെ മുഖ്യ ലക്ഷ്യം. ഇതോടൊപ്പം മറ്റ് കാര്‍ഷിക ഉല്‍പ്പന്നങ്ങളും വിത്തുകളും പച്ചക്കറി തൈകളും കാര്‍ഷിക ഉപകരണങ്ങളും പ്രദര്‍ശനത്തിലുണ്ടാകും. കേരള കാര്‍ഷിക സര്‍വകലാശാല, വിഎഫ്പിസികെ, കൃഷിവകുപ്പ്, കുടുംബശ്രീ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പങ്കാളിത്തവും പ്രദര്‍ശനത്തിലുണ്ടാകും. കര്‍ഷകര്‍ക്കായി വിവിധ വിഷയങ്ങളില്‍ പഠന ക്ലാസുകള്‍, മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ നിര്‍മ്മാണ പരിശീലനം എന്നിവയും നടക്കും. ഇരിങ്ങാലക്കുട പിഡബ്ല്യൂഡി റെസ്റ്റ് ഹൗസില്‍ നടന്ന ആലോചനാ യോഗത്തില്‍ മന്ത്രി ഡോ. ആര്. ബിന്ദു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, മുനിസിപ്പല്‍ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ് ജെ. ചിറ്റിലപ്പിള്ളി, ടി.വി ലത, സീമ പ്രേംരാജ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. മിനി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.