പെണ്കാവലിലൂടെ പെണ്‍കുട്ടികളുടെ നേതൃശേഷിയും സാമൂഹ്യ പ്രതിബന്ധതയും കര്‍മ്മോത്സുകതയും വര്‍ദ്ധിക്കും- മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: ജനമൈത്രി പോലീസിന്റെയും ജനമൈത്രി സുരക്ഷാസമിതിയുടെയും ക്രൈസ്റ്റ് കോളജിലെ തവനീഷ് സാമൂഹ്യ സേവന സന്നദ്ധ സംഘടനയുടെയും നേതൃത്വത്തില്‍ വനിത നൈറ്റ് പട്രോളിംഗ് പെണ്കാവലിന് തുടക്കം കുറിച്ചു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു പദ്ധതി ഫ്ളാഗ് ഓഫ് ചെയ്തു. പൗരന്റെ രാത്രികാല യാത്ര സുരക്ഷിതമാക്കുന്നതിനും പൗരന്റെ ജീവനും സ്വത്തിനും കാവലാളാവുകയും ചെയ്യുന്ന കടമയാണ് പെണ്‍കാവല്‍ ഏറ്റെടുക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി തുടക്കം കുറിക്കുന്ന നവ വിപ്ലവ പദ്ധതിയായ പെണ് കാവലില്‍ ക്രൈസ്റ്റ് കോളജിലെ തവനീഷ് സംഘടനയിലെ വിദ്യാര്‍ഥിനികളും മറ്റു വനിതകളും വനിത പോലീസ് ഉദ്യോഗസ്ഥരോടൊപ്പം പങ്കാളികളാകുന്നു. ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ബാബു കെ. തോമസ് അധ്യക്ഷത വഹിച്ചു. സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് കെ.പി. ജോര്‍ജ് സ്വാഗതവും, സബ് ഇന്‍സ്പെക്ടര്‍ സുദര്‍ശന നന്ദിയും രേഖപ്പെടുത്തി. ജനമൈത്രി സമിതിയംഗവും നൈറ്റ് പട്രോളിംഗ് ടീം ലീഡറുമായ അഡ്വ. കെ.ജി. അജയകുമാര്‍ പദ്ധതി വിശദീകരണം നടത്തി. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോളി ആന്‍ഡ്രൂസ് മുഖ്യാതിഥിയായിരുന്നു. ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജേക്കബ്ബ് ഞെരിഞ്ഞമ്പിള്ളി, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പള്ളി, ജനമൈത്രി സുരക്ഷാ സമിതി അംഗം മൂവീഷ് മുരളി, നൈറ്റ് പട്രോളിങ് ടീമംഗം മോഹനലക്ഷ്മി, ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് അനീഷ് കരീം, സമിതിയംഗങ്ങളായ പി.ആര്. സ്റ്റാന്‍ലി, എ.സി. സുരേഷ്, ഹോബി ജോളി, ടെല്‍സണ്‍ കോട്ടോളി, ക്രൈസ്റ്റ് കോളജ് അധ്യാപിക റീജ എന്നിവര്‍ നേതൃത്വം നല്കി.