തെരുവുനായശല്യം: പ്രതിഷേധിച്ച് കരൂപ്പടന്ന ജനകീയ കൂട്ടായ്മ
കരൂപ്പടന്ന: മേഖലയിലെ തെരുവുനായ ശല്യത്തിനെതിരേ ത്രിതല പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് ഇടപെടല്‍ ഉണ്ടാകണമെന്നാവശ്യപ്പെട്ട് കരൂപ്പടന്ന ജനകീയകൂട്ടായ്മയുടെ നേതൃത്വത്തില്‍ ആശുപത്രി പരിസരത്തുനിന്ന് പള്ളിനട വരെ പ്രതിഷേധറാലി നടത്തി. കഴിഞ്ഞ ദിവസം തെരുവുനായയുടെ കടിയേറ്റ് കരൂപ്പടന്ന പെഴുംകാട് 14 വയസുകാരനായ വിദ്യാര്‍ഥിയുടെ കൈകാലുകള്‍ക്ക് പരിക്കേറ്റിരുന്നു. റംസാന്‍വ്രതം ആരംഭിച്ചതിനാല്‍ രാത്രിയും പ്രഭാതത്തിലുമുള്ള പ്രാര്‍ഥനകള്‍ക്കായി ജനങ്ങള്‍ക്ക് ഭീതിയോടെ പോകേണ്ട സ്ഥിതിയാണ്. കരൂപ്പടന്ന സ്കൂള്‍ പരിസരത്ത് നടന്ന പ്രതിഷേധയോഗത്തില്‍ കെ.എസ്. അബ്ദുല്‍ മജീദ് സാഹിബ്, പി.എം. അല്‍ത്താഫ്, എം.എ. മൈഷൂക്ക് തുടങ്ങിയവര്‍ പ്രസംഗിച്ചു. കരൂപ്പടന്ന മേഖലയില്‍ രൂക്ഷമായ തെരുവുനായ്ക്കളുടെ ശല്യത്തിനെതിരേ നടപടി വേണമെന്ന് മുസ്ലിംലീഗ് വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാര്‍ഥിയെ കടിച്ചു പരിക്കേല്‍പ്പിച്ചത് ഗൗരവത്തോടെ കാണണമെന്നും മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ഇബ്രാഹിം ഹാജി, പി.കെ.എം. അഷ്റഫ് എന്നിവര്‍ ആവശ്യപ്പെട്ടു.