കുട്ടിക്കളിയല്ല, കുട്ടിക്കഥ; വിടപറഞ്ഞത് അത്ഭുത കഥകളുടെ നാഥന്
അണയാത്ത അക്ഷരദീപം
കുട്ടിക്കളിയല്ല, കുട്ടിക്കഥ; വിടപറഞ്ഞത് അത്ഭുത കഥകളുടെ നാഥന്
ബാലസാഹിത്യ രചനയിലെ സമഗ്ര സംഭാവനകള്‍ക്ക് കേന്ദ്രസാഹിത്യ അക്കാദമിയുടെ പുരസ്കാരം ലഭിച്ച ശാസ്ത്രവും ഭാവനയും തരാതരം ഇടകലര്‍ത്തി രചിച്ച കഥകളിലൂടെ കുട്ടികളെ വിസ്മയലോകത്തേക്കു വിളിച്ചു കയറ്റിയ വ്യക്തിത്വമാണ് കെ.വി. രാമനാഥന്. കുട്ടികളുടെ മനസറിഞ്ഞ് എഴുതാന്‍ രാമനാഥന് തുണയായത് ഇരിങ്ങാലക്കുട നാഷ്ണല്‍ ഹൈസ്കൂളിലെ അധ്യാപന ജീവിതം തന്നെ.
പത്രപ്രവര്‍ത്തകനാകാന്‍ കൊതിച്ചു, അധ്യാപകനായും സാഹിത്യകാരനായും തിളങ്ങി
ബിരുദപഠനം പൂര്‍ത്തിയാക്കി നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ രാമനാഥന്റെ മനസില്‍ ഉണ്ടായിരുന്നത് പത്രപ്രവര്‍ത്തനമാണ്. എന്നാല്‍ അതായിരുന്നില്ല അദ്ദേഹത്തെ കാത്തിരുന്നത്. വീടിനു സമീപത്തെ നാഷണല്‍ സ്കൂളിലെ പ്രധാനധ്യാപകന് നാരായണമേനോനും വി.കെ. ശ്രീധരമേനോനും രാമനാഥനെ അധ്യാപകനാകാന്‍ ക്ഷണിച്ചു. തന്റെ താല്പര്യമില്ലായ്മ തുറന്നുപറഞ്ഞിട്ടും ഇവര്‍ പിന്മാറിയില്ല. അങ്ങനെ മനസില്ലാ മനസോടെ 1951 ല്‍ 19 ാംവയസില്‍ രാമനാഥന് അധ്യാപകന്റെ വേഷമണിഞ്ഞു, 36 വര്‍ഷമാണ് അദ്ദേഹം ആ സ്കൂളില്‍ പഠിപ്പിച്ചത്. ഹെഡ്മാസ്റ്ററായി, 1987ല്‍ വിരമിച്ചു. ശാസ്ത്രവും ഭാവനയും ചേര്‍ത്ത് കഥകള്മെനയാനും വിദഗ്ധമായി പറഞ്ഞുഫലിപ്പിക്കാനും തനിക്ക് കഴിയുമെന്ന ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടായത് അധ്യാപനത്തിലൂടെയായിരുന്നു. അതുവരെ ചില മാസികകളില്‍ ചെറുകഥകളില്‍ മാത്രം ഒതുങ്ങികൂടിയ രാമനാഥന് തന്റെ യഥാര്‍ഥ നിയോഗത്തിന് പിന്നാലെ യാത്ര തുടങ്ങി.
കര്‍ഷക കുടുംബത്തില്‍ ജനനം, അധ്യാപനത്തില്‍ നിന്ന് സാഹിത്യരചനയിലേക്ക്
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിനടുത്ത് കിഴക്കേവളപ്പില്‍ മണമ്മല്‍ ശങ്കരമേനോന്റെയും കിഴക്കേവളപ്പില്‍ കൊച്ചുകുട്ടിയമ്മയുടെയും മകനായി രാമനാഥന് ജനിക്കുന്നത് 1932 ല്‍. അച്ഛന് ഒരു കര്‍ഷകനായിരുന്നു. തറവാടിനു സമീപത്തുതന്നെ വയലും അമ്പലക്കുളവും. ഈ ജീവിത സാഹചര്യങ്ങളായിരുന്നു രാമനാഥന്റെ സാഹിത്യജീവിതത്തിനു മൂലധനമായത്. വയലിലും തൊടിയിലുമുള്ള സസ്യജീവജാലങ്ങളോടൊക്കെ കൂട്ടുകൂടി നടന്ന ബാല്യം. സംഗമേശ്വര വിലാസം എല്‍പി സ്കൂളിലും ഇരിങ്ങാലക്കുട ഗവ. ബോയ്സ് ഹൈസ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എറണാകുളം മഹാരാജാസ് കോളജില്‍ ഉപരിപഠനത്തിന് ചേര്‍ന്ന കാലത്താണ് രാമനാഥന്റെ ചിന്താഗതിയും ജീവിത വീക്ഷണവുമൊക്കെ മാറിമറയുന്നത്. ഇന്റര്മീഡിയത്തിന് തിരഞ്ഞെടുത്തത് ശാസ്ത്രമായിരുന്നെങ്കിലും മനസുടക്കിയത് മലയാളത്തിലാണ്. ഇക്കാലത്താണ് ചെറുകഥകള്‍ എഴുതി തുടങ്ങുന്നത്. സാഹിത്യകാരന് എം. അച്യുതനെ സുഹൃത്തായി ലഭിച്ചപ്പോള്‍ ഇരുവരുടെയും മലയാളഭാഷ സ്നേഹം മറനീക്കി. മഹാരാജാസിലെ മലയാളം അധ്യാപകന് ജി. ശങ്കരക്കുറുപ്പുമായുള്ള സംഘര്‍ഷം ഇരുവരെയും ബിരുദപഠനത്തിന് മലയാളം തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചു. ജീവിതത്തില്‍ മറ്റെന്ത് ജോലി ചെയ്യേണ്ടിവന്നാലും അധ്യാപനം തിരഞ്ഞെടുക്കില്ലെന്ന് ഉറപ്പിച്ചിരുന്ന രാമനാഥന്റെ ജീവിതവും തീരുമാനവും ഒരുപോലെ മാറിയത് ഇവിടെയാണ്. ജനിച്ചു വളര്‍ന്ന ജീവിത സാഹചര്യങ്ങള്‍ രാമനാഥനെയൊരു മഷിതണ്ടാക്കിമാറ്റി. ഉപജീവന മാര്‍ഗമായ അധ്യാപനത്തില്‍ നിന്ന് സാഹിത്യരചനയെന്ന നിയോഗത്തിലേക്ക് പ്രവേശിക്കുകയായിരുന്നു.
അപ്പുക്കുട്ടനും ഗോപിയും
1961ല്‍ ആണ്. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ മുറിക്കുള്ളിലിരുന്ന് എന്തൊക്കെയോ എഴുതികൂട്ടുന്നതിനിടെയായിരുന്നു തന്റെ മേശപ്പുറത്ത് രണ്ട് ഉറുമ്പുകള്‍ കയറികൂടിയത് രാമനാഥന് കാണുന്നത്. അവറ്റകള് ആശയ വിനിമയം നടത്തുന്നതും നുള്ളിപ്പെറുക്കി നടക്കുന്നതുമൊക്കെ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ മനസില്‍ എത്തിയ ആശയമായിരുന്നു കുട്ടികള്‍ക്കുവേണ്ടിയുള്ള ആദ്യകഥയായി പുറത്തുവന്നത് പേര്, അപ്പുക്കുട്ടനും ഗോപിയും മരക്കൊമ്പില്‍ ഇരിക്കുമ്പോള്‍ ഉറുമ്പുകടി കൊണ്ട് താഴെ വീണ രണ്ട് കുട്ടികള്‍ ഉറുമ്പുകളായി മാറിയതായിരുന്നു ഇതിവൃത്തം. ആദ്യ ബാലസാഹിത്യകഥ തന്നെ ശ്രദ്ധിക്കപ്പെട്ടു. അങ്ങനെ അന്നത്തെ കാലത്തെ പ്രമുഖ ബാലസാഹിത്യകാരനായ മാലി, സുമംഗല, കുഞ്ഞുണ്ണി തുടങ്ങിയവരുടെ ഗണത്തിലേക്ക് 30കാരനായ രാമനാഥനും കയറികൂടി. പിന്നീട് ഇതേവരെ രാമനാഥന്റെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടത് 29 പുസ്തകങ്ങള്‍. ഇതില്‍ അത്ഭുത വാനരന്മാര് എന്ന കൃതിയുടെ ആദ്യ പതിനായിരം പ്രതികള്‍ വിറ്റഴിഞ്ഞത് ഒറ്റവര്‍ഷത്തിനുള്ളില്‍ അപ്പുക്കുട്ടനും ഗോപിയും, അത്ഭുത വാനരന്മാര്, അത്ഭുത നീരാളി എന്നീ കൃതികള്‍ മലയാള ബാലസാഹിത്യത്തിന് നവീനതയുടെയും ശാസ്ത്രപരതയുടെയും മുഖം നല്കി.
അനുഗ്രഹീതമീ ശിഷ്യസമ്പത്ത്
വിശാലമായ ശിഷ്യസമ്പത്ത് തന്നെയാണ് രാമനാഥന് മാസ്റ്റര്‍ക്കുള്ളത്. ഗായകന് പി. ജയചന്ദ്രന്, നടന് ഇന്നസെന്റ്, കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. പി.വി. ഗംഗാധരന്, ഐഎസ്ആര്‍ഒ ചെയര്മാന് കെ. രാധാകൃഷ്ണന്, മുതിര്‍ന്ന അഭിഭാഷകന് രാംകുമാര്‍ തുടങ്ങിയവര്‍ ഇക്കൂട്ടത്തില്‍ ചിലര്‍മാത്രം. ആദ്യ കൃതിയില്‍ തുടങ്ങിയതാണ് രാമനാഥന് പിന്നാലെയുള്ള പുരസ്കാരങ്ങളുടെ യാത്ര.
പുരസ്കാര സമൃദ്ധി
അപ്പുക്കുട്ടനും ഗോപിയും എന്ന കൃതിക്ക് എസ്പിസിഎസ് പുരസ്കാരം, സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ചെറുകഥ പുരസ്കാരം എന്നിവ ലഭിച്ചു. പിന്നീട് കൈരളി ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റ് പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം, ഭീമ സ്മാരക പുരസ്കാരം, സംസ്ഥാന ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സമഗ്ര സംഭാവന പുരസ്കാരം തുടങ്ങിയവയും ലഭിച്ചു. കേരള ബാലസാഹിത്യ അക്കാദമിയുടെ പ്രസിഡന്റ് എന്ന നിലയില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹം സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭരണസമിതിയംഗമായിരിക്കെയാണ് ആദ്യമായ് സമഗ്ര സംഭാവന പുരസ്കാരം ഏര്‍പ്പെടുത്തിയതും പ്രഥമ അവാര്‍ഡ് കുഞ്ഞുണ്ണിമാഷിനു നല്കിയതും. കൃതികള്‍: പ്രവാഹങ്ങള്‍, ചുവന്ന സന്ധ്യ (നോവല്‍), രാഗവും താളവും, കര്‍മ്മകാണ്ഡം (കഥകള്‍), മുന്തിരിക്കുല, സ്വര്‍ണത്തിന്റെ ചിരി, കുട്ടികളുടെ ശാകുന്തളം, അജ്ഞാതലോകം, അത്ഭുതവാനരന്മാര്, സ്വര്‍ണമുത്ത്, രാജാവും റോണിയും, അത്ഭുതനീരാളി, അദൃശ്യമനുഷ്യന്‍, കളിമുറ്റം, ചെകുത്താന്മാര് സൂക്ഷിക്കുക, കുഞ്ഞുറുമ്പും കുളക്കോഴിയും, ടാഗോര്‍ കഥകള്‍ (ബാലസാഹിത്യം).
സാഹിത്യ രംഗത്തെ സൗഹൃദം
എണാകുളം മഹാരാജാസ് നൂറുശതമാനവും എന്റെ സാഹിത്യ കളരിയായിരുന്നു. ഡോ. എം. ലീലാവതി, പ്രഫ. എം.എന്‍. വിജയന് തുടങ്ങി എന്റെ സീനിയേഴ്സായിരുന്ന പ്രമുഖരും പ്രഫ. എം. അച്യുതന്, പ്രഫ. സി.എല്‍. ആന്റണിമാസ്റ്റര്‍, ദേശീയ അവാര്‍ഡു ജേതാവുകൂടിയായ നാടക സിനിമാ നടന് ഭരത് പി.ജെ. ആന്റണി, പ്രശസ്ത ചെറുകഥാകൃത്ത് എന്‍. ഗോവിന്ദന്‍കുട്ടി, പോഞ്ഞിക്കര റാഫി, കെ.എ. ജബ്ബാര്‍ തുടങ്ങിയ ക്ലാസ്മേറ്റ്സും ഉള്‍പ്പെട്ടതായിരുന്നു സാംസ്കാരിക സാഹിത്യ ക്ലബ്. ഇവരുമായുള്ള സമ്പര്‍ക്കവും സംവാദവും എന്നിലെ കഥാകാരനെയും അഭിനേതാവിനെയുമെല്ലാം പുറത്തുകൊണ്ടുവന്നു. 1949ല്‍ ദീനബന്ധുവിന്റെ ഞായറാഴ്ച പതിപ്പിലാണ് ഔദ്യോഗികമായി ഗദ്യമോ പദ്യമോയെന്നു വേര്‍തിരിക്കാനാകാത്ത ഒരു രചന പ്രസിദ്ധീകരിച്ചുവന്നത്. ഇതോടെ നാടകത്തിലും ആട്സ് ക്ലബിലും ഭാഷാസാഹിത്യ മണ്ഡലത്തിലുമെല്ലാം സവിശേഷ ശ്രദ്ധപതിപ്പിക്കാന്‍ തുടങ്ങി.
കുടുംബം
ഭാര്യ: രാധ ടീച്ചര്‍ (മുന്‍ അധ്യാപിക, സര്‍ക്കാര്‍ ഗേള്‍സ് സ്കൂള്‍, ഇരിങ്ങാലക്കുട). മക്കള്‍: രേണു രാമനാഥ് (മാധ്യമപ്രവര്‍ത്തക, നാടക പ്രവര്‍ത്തക, കേരള സംഗീത നാടക അക്കാദമി ഭരണസമിതി അംഗം), ഇന്ദുകല (അധ്യാപിക, സര്‍ക്കാര്‍ ഗേള്‍സ് ഹൈസ്കൂള്‍, ഇരിങ്ങാലക്കുട). മരുമക്കള്‍: അഡ്വ. കെ.ജി. അജയകുമാര്‍ (സെക്രട്ടറി, മഹാത്മ ലൈബ്രറി, കൂടല്‍മാണിക്യം ദേവസ്വം ഭരണസമിതി അംഗം, ഇരിങ്ങാലക്കുട), പരേതനായ രാജകൃഷ്ണന് (ചിത്രകാരന്).