മുരിയാട് പഞ്ചായത്തിൽ ജീവധാര ആക്ഷന്‍ ടീം രൂപീകരിച്ചു
മുരിയാട്: കേരളത്തിലെ ജനാധിപത്യ ഭരണസംവിധാനങ്ങളും ത്രിതല പഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങളും ഏറെ മാതൃകപരം ആണെന്നും മറ്റു പല സംസ്ഥാനക്കാര്‍ക്കും ഇത് സിനിമകളിലെ കഥ മാത്രമാണെന്നും കളക്ടര്‍ വി.ആര്. കൃഷ്ണതേജ ഐഎഎസ് അഭിപ്രായപ്പെട്ടു. മുരിയാട് ഗ്രാമപഞ്ചായത്തിന്റെ നൂതന പദ്ധതിയായ ജീവധാരയുടെ ആക്ഷന്‍ ടീം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവധാരക്കായി 170 അംഗ ആക്ഷന്‍ ടീമാണ് രൂപികരിച്ചിരിക്കുന്നത്. ടീം അംഗങ്ങള്‍ക്കുള്ള ശില്പശാല കിലയുടെയും ക്രൈസ്റ്റ് കോളജ് തവനീഷിന്റേയും സഹകരണത്തോടെ സംഘടിപ്പിച്ചു. മുരിയാട് പഞ്ചായത്തില്‍ ഈ വര്‍ഷം നടപ്പിലാക്കുന്ന മൂന്ന് വ്യത്യസ്തങ്ങളായിട്ടുള്ള പദ്ധതികളായ ജീവധാര, ഡിജി മുരിയാട്, ഡെസ്റ്റിനേഷന്‍ ടൂറിസം പദ്ധതികള്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ പരിപൂര്‍ണ പിന്തുണ കളക്ടര്‍ വാഗ്ദാനം ചെയ്തു. എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്തു നിര്‍ത്തിക്കൊണ്ടുള്ള വൈവിധ്യമാര്‍ന്ന പദ്ധതികള്‍ മാതൃകപരമാണെന്നും കൃത്യനിഷ്ഠയോടെ നടത്തി കഴിഞ്ഞാല്‍ വലിയ ചലനങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കാന്‍ കഴിയുമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. കിലയുമായി സഹകരിച്ചു നടത്തിയ പരിശീലന പരിപാടിയില്‍ കില ഫാക്കള്‍ട്ടി ചന്ദ്രന്, ഭാസുരംഗന്, ദീപക്, പ്രഫ. എം. ബാലചന്ദ്രന്, ഡോ. കേസരി മേനോന്, സന്തോഷ് മാസ്റ്റര്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പ്രഫ. സുധീര്‍ സെബാസ്റ്റ്യന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, ക്ഷേമകാര്യ സമിതി ചെയര്‍പേഴ്സണ്‍ രതി ഗോപി, പഞ്ചായത്ത് അംഗം സരിതാ സുരേഷ്, ശ്രീജിത്ത് പട്ടത്ത്, കുടുംബശ്രീ ചെയര്‍പെഴ്സണ്‍ സുനിതാ രവി, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പ്രഫ. എം. ബാലചന്ദ്രന്, ക്രൈസ്റ്റ് കോളജ് തവനിഷ് കോഓര്‍ഡിനേറ്റര്‍ മൂവിഷ് മുരളി, റിയ ടീച്ചര്‍, തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു.