താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി
താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന ദേവാലയത്തില്‍ വിശുദ്ധ കുരിശു മുത്തപ്പന്റെ തിരുനാളിന് കൊടിയേറി തിരുനാള്‍ മെയ് രണ്ട്, മൂന്ന്, നാല് തിയതികളില്‍
താഴെക്കാട്: താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന ദേവാലയത്തിലെ തിരുനാള്‍ മെയ് രണ്ട്, മൂന്ന്, നാല് തിയതികളില്‍ ആഘോഷിക്കും. ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. മെയ് ഒന്നിന് വൈകീട്ട് 6.30ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ തിരുസന്നിധിയിലേക്ക് ആഘോഷമായ തിരുസ്വരൂപാരോഹണം, ഏഴിനു ലൈറ്റ് സ്വിച്ച് ഓണ്‍കര്‍മം എന്നിവ നടക്കും. മെയ് രണ്ടിന് രാവിലെ 5.30 ന് ആരാധന, 5.45 നു ദിവ്യബലി, 6.30 ന് ലദീഞ്ഞ്, ദിവ്യബലി, നൊവേന, തിരുസ്വരൂപങ്ങള്‍ മദ്ബഹയില്‍ നിന്ന് ഏഴുന്നള്ളിപ്പിനായി ഇറക്കല്‍, വീടുകളിലേക്ക് അമ്പ് എഴുന്നള്ളിക്കല്‍, വൈകീട്ട് 5.30ന് ദിവ്യബലി, നൊവേന, രൂപം വഹിച്ചുള്ള പള്ളിചുറ്റി പ്രദക്ഷിണം, രാത്രി 10 ന് അമ്പ് സമാപനം, തുടര്‍ന്നു വര്‍ണമഴ എന്നിവ ഉണ്ടാകും. തിരുനാള്‍ ദിനമായ മേയ് മൂന്നിനു രാവിലെ ആറിനും ഏഴിനും എട്ടിനും ഒമ്പതിനും ദിവ്യബലി, 10.30 നു ഫാ. സിബു കള്ളാപറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലി. റവ.ഡോ. സിജു കൊമ്പന് തിരുനാള്‍ സന്ദേശം നല്‍കും. ഉച്ചതിരിഞ്ഞു 3.30 നു ദിവ്യബലി, ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം, തുടര്‍ന്നു വര്‍ണമഴ എന്നിവ നടക്കും. മേയ് നാലിനു വിശുദ്ധ ഗീവര്‍ഗീസിന്റെ തിരുനാളായി ആഘോഷിക്കും. തിരുനാളിന്റെ ഭാഗമായി രാവിലെ ആറിനും ഏഴിനും എട്ടിനും ദിവ്യബലി, 10.30 നു ഫാ. വില്‍സണ്‍ മൂക്കനാംപറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലി. ഫാ. ആല്ബിന് പുന്നേലിപറമ്പില്‍ തിരുനാള്‍ സന്ദേശം നല്‍കും. വൈകീട്ട് 4.30 നു ദിവ്യബലി, തിരുനാള്‍ പ്രദക്ഷിണം, തുടര്‍ന്നു അമ്പലപ്പുഴ സാരഥിയുടെ നാടകം ‘സമം’ എന്നിവ നടക്കും. 10 നു എട്ടാമിടവും 17 നു പതിനഞ്ചാമിടവും ആഘോഷിക്കും. ഈ ദേശത്ത് മാറാരോഗങ്ങളായ വസൂരി, കോളറ തുടങ്ങിയവ പിടിക്കപ്പെട്ടപ്പോള്‍ മൂത്തപ്പനോട് അപേക്ഷിച്ചപ്പോള്‍ അതിന്റെ ഫലമായി രോഗങ്ങള്‍ നിശേഷം തുടച്ചുനീക്കപ്പെട്ടതിനു നന്ദിസൂചകമായി മെയ് മൂന്നിനു തിരുനാള്‍ ദിനത്തില്‍ മതമൈത്രിയുടെ ഭാഗമായി പാരമ്പര്യമായി തന്നെ ഹൈന്ദവ സഹോദരങ്ങള്‍ നടത്തുന്ന കുതിരകളി, കോല്‍ക്കളി, മുടിയാട്ടം എന്നിവ നടത്തി മുത്തപ്പനെ വണങ്ങുന്ന പതിവ് ഇന്നും തുടര്‍ന്നു പോരുന്നു. 2020 മാര്‍ച്ച് എട്ടിനാണു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആഗോളതലത്തില്‍ തീര്‍ഥാടന കേന്ദ്രമാക്കി ഈ ദേവാലയത്തെ ഉയര്‍ത്തിയത്. ഇടവകയിലെ കുടുംബക്ഷേമപദ്ധതി മുഖേന രോഗചികിത്സാ സഹായമായും നിര്‍ധനരായ കുട്ടികള്‍ക്ക് പഠനസഹായത്തിനും വിവാഹസഹായത്തിനും മറ്റുമായി രണ്ട് ലക്ഷത്തോളം രൂപ ചെലവഴിച്ചു. ഇടവകയുടെ സ്നേഹഭവന പദ്ധതി പ്രോജക്ട് പ്രകാരം രണ്ട് വീടുകള്‍ പണിതു തീര്‍ത്ത് താക്കോല്‍ദാനം കഴിയുകയും ബാക്ക് നാല് വീടുകളുടെ താക്കോല്‍ദാനചടങ്ങ് 29 ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്റെ കാര്‍മികത്വത്തില്‍ നടക്കും. തിരുനാളിന്റെ വിജയത്തിനായി ആര്‍ച്ച് പ്രീസ്റ്റ് റവ.ഡോ. ലാസര്‍ കുറ്റിക്കാടന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് വികാരി ഫാ. ടോണി പാറേക്കാടന്‍, റസിഡന്റ് പ്രീസ്റ്റ് ഫാ. ഇഗ്നേഷ്യസ് ചിറ്റിലപ്പിള്ളി, കൈക്കാരന്മാരായ ജെയ്ക്കബ് കുഴുവേലി, തോമസ് തെക്കേത്തല, ബെന്നി തൊമ്മാന, ജോസഫ് പള്ളിപ്പാട്ട്, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ജോണ്സണ് നെരെപറമ്പില്‍ എന്നിവരടങ്ങുന്ന 101 അംഗ വിപുലമായ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരുന്നു.
താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന ദേവാലയം