ഇരിങ്ങാലക്കുട സെന്റ് ജോസഫ്സില്‍ മെഗാ തൊഴില്‍ മേള
നാല്പതോളം കമ്പനികളിലായി രണ്ടായിരത്തിലധികം പേര്‍ക്ക് ജോലിയായി
ഇരിങ്ങാലക്കുട: കേരളത്തിലെ ചെറുപ്പക്കാരെ ഉള്‍ക്കൊള്ളാന്‍ ഇതര സംസ്ഥാനങ്ങളും വിദേശ രാജ്യങ്ങളും തയാറാകുന്നുവെന്നത് ഉന്നത വിദ്യാഭ്യാസ മേഖലയുടെ മികവിന്റെ സാക്ഷ്യപത്രമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്. ബിന്ദു. പതിമൂന്നര ലക്ഷം കുട്ടികളാണ് കേരളത്തില്‍ ഉന്നത വിദ്യാഭ്യാസം തേടി കൊണ്ടിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളിലെയും വിദേശ രാജ്യങ്ങളിലെയും പദവികളില്‍ കേരളത്തിലെ ധിഷണാശാലികളായ ചെറുപ്പക്കാര്‍ പ്രവര്‍ത്തിക്കുന്നു എന്നത് ഉന്നത വിദ്യാഭ്യാസ മേഖലയുടെ വൈദഗ്ധ്യം കൂടിയാണെന്ന് തിരിച്ചറിയേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. തൃശൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റര്‍, സെന്റ് ജോസഫ്സ് കോളജ് എച്ച്ആര്‍ഡി സെല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കോളജില്‍ നടത്തിയ മെഗാ ജോബ് ഫെയര്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴില്‍ അന്വേഷകര്‍ എന്ന നിലയില്‍ നിന്ന് തൊഴില്‍ദായകരായി മാറാന്‍ നമ്മുടെ യുവത്വത്തിന് കഴിയണം. സംരംഭകത്വ താല്‍പ്പര്യങ്ങള്‍ വ്യാപകമായി പ്രോത്സാഹിപ്പിക്കാനുള്ള പരിശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നത്. യംഗ് ഇന്നോവേറ്റേഴ്സ് പദ്ധതിയില്‍ 25 ലക്ഷം രൂപ വരെ ലഭ്യമാക്കുന്നുണ്ട്. ജോബ് പോര്‍ട്ടലായ കെ ഡിസ്കിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ഫെനി എബിന്, പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ബ്ലെസി, എംപ്ലോയ്മെന്റ് ഓഫീസര്‍മാരായ ഷാജു ലോനപ്പന്, വി.എം. സീനത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മേഖല എംപ്ലോയ്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. അബ്ദുറഹിമാന്‍കുട്ടി സ്വാഗതവും ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ ജി. സജയന് നന്ദിയും പറഞ്ഞു.