നീരൊഴുക്ക് നിലച്ച് ഷണ്മുഖം കനാല്‍; ആശങ്കയില്‍ പടിയൂര്‍ നിവാസികള്‍
ഇരിങ്ങാലക്കുട: മഴക്കാലം വന്നെത്തിയതോടെ ഷണ്മുഖം കനാല്‍ നിവാസികളുടെ നെഞ്ചില്‍ തീയാണ്. ഇടമുറിയാതെ മഴ പെയ്താല്‍ ആരോഗ്യ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുമെന്നാണ് ഷണ്മുഖം കനാല്‍ നിവാസികളുടെ അനുഭവപാഠം. ഈ കനാലിലെ മലിനജലമാണ് സമീപത്തെ കിണറുകളിലേക്കും പറമ്പുകളിലേക്കും ഒഴുകിയെത്തുക. ആയിരത്തോളം കുടുംബങ്ങളാണ് ഈ കനാലിനു ഇരു കരകളിലുമായി താമസിക്കുന്നത്. നഗരത്തിലെ എല്ലാ മാലിന്യങ്ങളും വന്നു ചേരുന്നത് ഈ കനാലിലേക്കാണ്. ചെളിയും ചണ്ടിയും നിറഞ്ഞ് കാട് പിടിച്ച് കിടക്കുകയാണ് കനാലിന്റെ ഭൂരിഭാഗം പ്രദേശങ്ങളും. ഇതു മൂലം നീരൊഴുക്ക് തടസപ്പെട്ടതിനാല്‍ മഴ കനത്താല്‍ വെള്ളക്കെട്ട് രൂക്ഷമാകാനാണ് സാധ്യത. ഇരിങ്ങാലക്കുട മാര്‍ക്കറ്റ് പരിസരത്തുനിന്നും ആരംഭിച്ച് ഇരിങ്ങാലക്കുട നഗരസഭ, പൂമംഗലം, പടിയൂര്‍ എന്നീ പഞ്ചായത്തുകളിലൂടെ കടന്ന് പടിഞ്ഞാറ് കനോലി കനാലില്‍ അവസാനിക്കുന്ന വിധത്തിലാണ് ഈ കനാല്‍. ഷണ്മുഖം കനാലില്‍ മാലിന്യങ്ങള്‍ വന്നടിയുന്നതുമൂലം സമീപപ്രദേശങ്ങളിലെ കിണറുകളും മലിനമായി മാറുന്ന അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്. മാത്രവുമല്ല, കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൊതുക് പെറ്റുപരുകാനുള്ള സാധ്യതയുള്ളതിനാല്‍ പകര്‍ച്ചവ്യാധി ഭീഷണിയും നേരിടുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. കനാലില്‍ മാലിന്യങ്ങള്‍ അടിഞ്ഞു കൂടിയിരിക്കുന്ന സ്ഥലങ്ങളില്‍ കൊതുകുകളുടെ പ്രജനനം ഇപ്പോള്‍ തന്നെ അധികമാണെന്നു കണ്ടെത്തിയിട്ടുണ്ട്. മാലിന്യ നിര്‍മാര്‍ജനം ശക്തമായില്ലെങ്കില്‍ വരാന്‍ പോകുന്ന ദുരന്തത്തിനും സമാനതകള്‍ ഉണ്ടാകില്ലെന്നാണ് വിദഗ്ദപക്ഷം. പ്രദേശവാസികള്‍ ജില്ലാ കളക്ടര്‍ക്കും സ്ഥലം എംപി, എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ക്കു ഈ വിഷയങ്ങള്‍ ഉന്നയിച്ച് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഷണ്മുഖം കനാലിലെ നീരൊഴുക്ക് പുനസ്ഥാപിക്കാന്‍ കനാല്‍ അവസാനിക്കുന്ന ഭാഗത്തുള്ള പടിയൂര്‍ പുളിക്കെട്ടിന് സമീപത്തുനിന്ന് ഫ്ളോട്ടിങ് ജെസിബി ഉപയോഗിച്ച് ചണ്ടിയും കുളവാഴകളും നീക്കം ചെയ്യുന്ന പ്രവര്‍ത്തികള്‍ നടത്തിയിരുന്നു. കാലവര്‍ഷത്തിനു മുന്നോടിയായുള്ള പ്രവര്‍ത്തികള്‍ക്ക് നീക്കിവെച്ച ഫണ്ടില്‍നിന്ന് അഞ്ചു ലക്ഷത്തിലേറെ രൂപ ചെലവഴിച്ചാണ് അഡീഷണല്‍ ഇറിഗേഷന്‍ വകുപ്പ് കനാലില്‍ നിന്ന് ചണ്ടിയും കുളവാഴകളും നീക്കി വൃത്തിയാക്കുന്നത്. പദ്ധതിക്ക് നേരത്തെ അംഗീകാരം ലഭിച്ചതോടെ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനായി ജെസിബിയും മറ്റും കനാലിന് സമീപത്ത് എത്തിച്ചിരുന്നു. വെള്ളം കുറവായതിനാല്‍ ഫ്ളോട്ടിങ് ജെസിബി ഇറക്കാനുള്ള ബുദ്ധിമുട്ടാണ് പ്രവര്‍ത്തികള്‍ വൈകാന്‍ കാരണമായത്. എന്നാല്‍ കനാലിലെ മുഴുവന്‍ കുളവാഴയും ചണ്ടിയും നീക്കം ചെയ്യാതെ നീരൊഴുക്ക് സുഗമമാവില്ലെന്നാണ് പരിസരവാസികള്‍ പറയുന്നത്.