കുടുംബശ്രീയുടെ ഹൈപ്പര്‍ മാര്‍ക്കറ്റ്; ടെക്നിക്കല്‍ സ്കൂളിന്റെ സ്ഥലത്തു നിന്നും മാറ്റി പണിയാന്‍ സാധ്യത
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് വാണിജ്യ സ്ഥാപനം വേണ്ടെന്ന് തീരുമാനം
ഇരിങ്ങാലക്കുട: ടെക്നിക്കല്‍ സ്കൂളിന്റെ സ്ഥലത്ത് പണിയാന്‍ ഉദ്ദേശിച്ചിരുന്ന കുടുംബശ്രീയുടെ ഹൈപ്പര്‍ മാര്‍ക്കറ്റ് മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ സാധ്യത. ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് വടക്കുഭാഗത്തുള്ള ജില്ലാ പഞ്ചായത്ത് സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടെയുള്ള കുടുംബശ്രീ ഹൈപ്പര്‍ മാര്‍ക്കറ്റ് നിര്‍മിക്കാന്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പദ്ധതി പ്രഖ്യാപിച്ചത്. എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് വാണിജ്യ സ്ഥാപനം വേണ്ടെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ മന്ത്രിതലയോഗം നിര്‍ദേശിച്ചത്.
നിലവില്‍ ഈ സ്ഥലത്ത് ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ വകുപ്പിന്റെ വനിതകള്‍ക്കായുള്ള ഫാഷന്‍ ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ ഉണ്ടായിരുന്ന സ്ഥാപനങ്ങള്‍ ജനകീയ ആസൂത്രണ പദ്ധതി പ്രകാരം ജില്ലാ പഞ്ചായത്തുകള്‍ക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ടെക്നിക്കല്‍ സ്കൂള്‍ ജില്ലാ പഞ്ചായത്തിന് ലഭിച്ചത്. ഈ സ്ഥലത്ത് ജില്ലാ പഞ്ചായത്താണ് ആദ്യം ഷീ ലോഡ്ജ് നിര്‍മിക്കാന്‍ പദ്ധതി പ്രഖ്യാപിച്ചത്. ഇതിനായി ബജറ്റില്‍ 65 ലക്ഷം വകയിരുത്തുകയും ചെയ്തു. പിന്നീട് പദ്ധതിക്കായി കൂടുതല്‍ ഫണ്ട് ലഭ്യമാക്കാന്‍ സര്‍ക്കാരിനോട് ജില്ലാ പഞ്ചായത്ത് പ്രമേയം വഴി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഈ സ്ഥലത്ത് കുടുംബശ്രീയുടെ കീഴില്‍ ഹൈപ്പര്‍മാര്‍ക്കറ്റ് നിര്‍മിക്കാന്‍ പദ്ധതി പ്രഖ്യാപിക്കുകയും ബജറ്റില്‍ എട്ടുകോടി വകയിരുത്തുകയുമായിരുന്നു. എന്നാല്‍ പദ്ധതിക്കുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചപ്പോള്‍ സാങ്കേതിക തടസങ്ങള്‍ തിരിച്ചടിയായി. ഇതിനെ തുടര്‍ന്നാണ് കളക്ടര്‍, മന്ത്രി തുടങ്ങിയവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യുകയും ടെക്നിക്കല്‍ സ്കൂളിന്റെ സ്ഥലത്തുനിന്ന് ഹൈപ്പര്‍മാര്‍ക്കറ്റ് പദ്ധതി മാറ്റാന്‍ ആലോചിക്കുകയും ചെയ്തത്. മറ്റൊരു സ്ഥലം കണ്ടെത്താന്‍ റവന്യൂ വിഭാഗത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.