മാലിന്യമുക്തം നവകേരളം; നാല്പത് ലക്ഷം രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഇരിങ്ങാലക്കുട നഗരസഭ യോഗത്തില്‍ തീരുമാനം
ഇരിങ്ങാലക്കുട: മാലിന്യമുക്തം നവകേരളത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭ പരിധിയില്‍ നാല്പത് ലക്ഷം രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കാന്‍ നഗരസഭ യോഗത്തില്‍ തീരുമാനം. ഗാര്‍ഹിക മാലിന്യ സംസ്കരണത്തിന് ബാസ്കറ്റ്, സഞ്ചി, ബയോ ബിന്‍, സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്ലാന്റിലേക്ക് ട്രോളികള്‍, ഫോര്ക്കലിഫ്റ്റ് എന്നിവ വാങ്ങല്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് ഡ്രൈവിംഗ് പരിശീലനം, ഹരിതമിത്ര ആപ്പ്, സാനിറ്ററി പാഡ് ഡിസ്ട്രോയര്‍, മാലിന്യക്കൂനകള്‍ നീക്കി ഉദ്യാനവല്‍ക്കരണം, ബൈപ്പാസ് റോഡ്, കോന്തിപുലം എന്നിവടങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കല്‍, മെന്‍സ്ട്രല്‍ കപ്പ് പൊതു തെരുവുകള്‍ വൃത്തിയാക്കുന്നതിനുള്ള യന്ത്രവല്‍കൃത സംവിധാനങ്ങള്‍ വാങ്ങല്‍ എന്നിവയാണ് പ്രധാനമായും നടപ്പിലാക്കുന്ന പദ്ധതികള്‍. 2023-24 വര്‍ഷത്തെ പദ്ധതി പുനക്രമീകരിച്ച് കൊണ്ട് കൂടിയാണ് ഇതിനായുള്ള ഫണ്ട് കണ്ടെത്തുന്നത്. അഞ്ചര ഏക്കറുള്ള നഗരസഭയുടെ ട്രഞ്ചിംഗ് ഗ്രൗണ്ട് അളന്ന് തിട്ടപ്പെടുത്താനും സംരക്ഷിക്കാനും നടപടികള്‍ സ്വീകരിക്കണമെന്ന് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ബിജെപി കൗണ്‍സിലര്‍ സന്തോഷ് ബോബന് ആവശ്യപ്പെട്ടു. ട്രഞ്ചിംഗ് ഗ്രൗണ്ടിനായി 90 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കുന്നുണ്ടെന്ന് മറുപടിയായി ചെയര്‍പേഴ്സണ്‍ അറിയിച്ചു. ഉദ്ഘാടനം കഴിഞ്ഞ മാപ്രാണം ചാത്തന് മാസ്റ്റര്‍ ഹാളിലെ ലിഫ്റ്റിന്റെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് വരികയാണെന്ന് ഇത് സംബന്ധിച്ച് ബിജെപി അംഗം ടി.കെ. ഷാജുവിന്റെ ചോദ്യത്തിന് മറുപടിയായി ചെയര്‍പേഴ്സണ്‍ അറിയിച്ചു. ജില്ലാ പഞ്ചായത്തിന്റെ അനുമതിയ്ക്കായി അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ലിഫ്റ്റ് നിര്‍മണത്തിന്റെ ടെൻഡര്‍ എടുക്കാന്‍ ആദ്യ ഘട്ടത്തില്‍ ആരും എത്തിയിരുന്നില്ലെന്നും പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സന് പാറേക്കാടന്‍ പറഞ്ഞു. മാപ്രാണം വാതില്‍മാടം കോളനിയില്‍ കഴിഞ്ഞ ദിവസം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നടത്തിയ സന്ദര്‍ശനം തന്നെ അറിയിച്ചില്ലെന്ന വാര്‍ഡ് കൗണ്‍സിലര്‍ കെ.ആര്. ലേഖയുടെ വിമര്‍ശനത്തോടെയാണ് യോഗം ആരംഭിച്ചത്. വാര്‍ഡുകളില്‍ നടക്കുന്ന പരിപാടികള്‍ നിര്‍ബന്ധമായും ബന്ധപ്പെട്ട കൗണ്‍സിലര്‍മാരെ അറിയിക്കേണ്ടതുണ്ടെന്ന് എല്‍ഡിഎഫ് കൗണ്സലര്മാായ അഡ്വ. കെ.ആര്. വിജയ, സി.സി. ഷിബിന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് റെസ്റ്റ് ഹൗസില്‍ നടന്ന യോഗം അറിയിക്കാത്തതില്‍ പ്രതിഷേധമുണ്ടെന്ന് ടി.കെ. ഷാജുവും പറഞ്ഞു. പ്രധാനമന്ത്രി മാതൃ വന്ദന യോജന പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ഗര്‍ഭിണികള്‍ക്ക് ലഭ്യമാക്കുന്നതിന്റെ മുന്നോടിയായി ഓണ്‍ലൈനില്‍ നടത്തേണ്ട നടപടിക്രമങ്ങള്‍ സംബന്ധിച്ച് അംഗന്‍വാടി അധ്യാപകര്‍ക്ക് പരിശീലനം നല്‍കണമെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍ കെ. പ്രവീണ്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ അധ്യക്ഷത വഹിച്ചു.