മണിപ്പുരില്‍ കലാപകാരികള്‍ക്ക് ഒത്താശ ചെയ്യുന്ന സര്‍ക്കാരുകളുടെ നയം വേദനാജനകം: മന്ത്രി ബിന്ദു
ഇരിങ്ങാലക്കുട: മണിപ്പുരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കാതെ കലാപകാരികള്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നയം ഏറെ വേദനാജനകമെന്ന് മന്ത്രി ഡോ. ആര്. ബിന്ദു അഭിപ്രായപ്പെട്ടു. മണിപ്പുരില്‍ സ്ത്രീകള്‍ക്ക് എതിരെ നടന്ന അതിക്രമങ്ങള്‍ക്കെതിരെ ഇരിങ്ങാലക്കുട ഫൊറോന സിഎല്‍സിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. സ്ത്രീത്വം തെരുവില്‍ അപമാനിക്കപ്പെട്ടിരിക്കുകയാണ്. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേഹവാഹകരായി കടന്നുവരുന്ന ക്രൈസ്തവ പുരോഹിതര്‍ക്കും സന്യസ്തര്‍ക്കും ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കു സ്ഥാപനങ്ങള്‍ക്കു നേരെ നടക്കുന്ന ഇത്തരം ആസൂത്രിത നീക്കങ്ങള്‍ ചെറുത്തുതോല്‍പ്പിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡോ. സിസ്റ്റര്‍ റോസ് ബസ്റ്റിന് അധ്യക്ഷത വഹിച്ചു. ഇരിഞ്ഞാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജാ സഞ്ജീവ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കേരള പോലീസ് അക്കാദമി എച്ച്ആര്‍ മെന്റര്‍ ഡിംപിള്‍ റീഷെന്, രൂപത സില്‍സി ജോയിന്‍ സെക്രട്ടറി ആഗ്ന ബെന്നി, വൈസ് പ്രസിഡന്റ് മരിയ ജോസഫ്, വനിത ഫോറം കോ-ഓർഡിനേറ്റര്‍ അലീന പോള്‍, ഫൊറോന സിഎല്‍സി വൈസ് പ്രസിഡന്റ് നിത്യ വിന്‍സന്റ് എന്നിവര്‍ സംസാരിച്ചു.