എടതിരിഞ്ഞിയില്‍ വയോധികയുടെ സ്വര്‍ണ മാല പറിച്ചു കടന്ന വിരുതന് അറസ്റ്റിൽ
നമ്പറുകള്‍ തിരുത്തി, വസ്ത്രങ്ങള്‍ പലവട്ടം മാറി, ഊടു വഴികള്‍ തിരഞ്ഞെടുത്തു എന്നിട്ടും പിടി വീണു
ഇരിങ്ങാലക്കുട: എടതിരിഞ്ഞിയില്‍ വയോധികയുടെ സ്വര്‍ണ്ണ മാല പറിച്ചു കടന്ന വിരുതന് അറസ്റ്റിലായി. വടകര കണ്ണൂക്കര സ്വദേശി സരോഷിനെയാണ് (28 ) തൃശൂര്‍ റൂറല്‍ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിര്‍ദ്ദശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷൈജു, കാട്ടൂർ ഇന്‍സ്പെക്ടര്‍ ജയേഷ് ബാലന് എന്നിവര്‍ അറസ്റ്റു ചെയ്തത്. ഈ മാസം മൂന്നാം തിയ്യതിയാണ് എടതിരിഞ്ഞി സ്വദേശിയായ അറുപത്തിയഞ്ചുകാരിയുടെ മൂന്നു പവനോളം തൂക്കമുള്ള സ്വര്‍ണ്ണ മാല വീടിനടുത്തുള്ള വഴിയില്‍ വച്ച് സ്കൂട്ടറിലെത്തിയ പ്രതി വലിച്ചു പൊട്ടിച്ചെടുത്തത്. പ്രതിയുടെ പെട്ടന്നുള്ള ആക്രമണത്തില്‍ ഇവര്‍ക്ക് വീണു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഭയന്നുപോയ ഇവര്‍ നിലവിളിച്ചപ്പോഴേക്കും പ്രതി മിന്നല്‍ വേഗത്തില്‍ സ്കൂട്ടറില്‍ കടന്നു കളഞ്ഞിരുന്നു. സംഭവം അറിഞ്ഞെത്തിയ പോലീസ് ഊര്‍ജ്ജിതമായ അന്വേഷണമാണ് നടത്തിയത്. ബാംഗ്ലൂരില്‍ ജോലിയുള്ള പ്രതി കഴിഞ്ഞ മാസം അവസാനമാണ് നാട്ടിലെത്തിയത്. ഓണ്‍ ലൈന്‍ ട്രേഡിങ്ങിലൂടെ പണം നഷ്ടപ്പെട്ട തന്റെ സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ മോഷണത്തിന് ഇറങ്ങിയെന്നാണ് ചോദ്യം ചെയ്യലില്‍ പറഞ്ഞത്. പല തരത്തിലുള്ള ഷര്‍ട്ടും ബനിയനുകളും മാസ്കുകളുമെടുത്ത് ഈ മാസം രണ്ടാം തിയ്യതി വീട്ടില്‍ നിന്ന് ഇറങ്ങിയ സരോഷ് കോഴിക്കോട് എത്തി പല സ്ഥലങ്ങളിലായി കറങ്ങി നടന്നു. മാല പൊട്ടിക്കാനായി ഒരു ഇരുചക്ര വാഹനം മോഷ്ടിക്കുകയായിരുന്നു ലക്ഷ്യം. ഇതേ സമയത്താണ് ചാലപ്പുറത്ത് ഡോക്ടറെ കാണാനെത്തിയ തിരുവണ്ണൂര്‍ സ്വദേശിയായ വീ്മ്മ തിരക്കിനിടയില്‍ സ്കൂട്ടറില്‍ നിന്ന് താക്കോലെടുക്കാന്‍ മറന്ന് ഡോക്ടറുടെ വീട്ടിലേക്ക് കയറിപ്പോയത്. ഇടവഴികള്‍ കയറിയിറങ്ങി അതു വഴി വരികയായിരുന്ന സരോഷ് താക്കോലോടെ പാര്‍ക്ക് ചെയ്തിരിക്കുന്ന സ്കൂട്ടര്‍ കണ്ടതോടെ അതില്‍ കയറി സ്ഥലം വിടുകയായിരുന്നു. അവിടെ നിന്ന് പല സ്ഥലങ്ങളിലൂടെ കറങ്ങി ഗുരുവായൂരില്‍ എത്തിയ ഇയാള്‍ രാത്രി പ്രൈവറ്റ് ബസ് സ്റ്റാന്റിനടുത്ത് മുറിയെടുത്ത് തങ്ങി. പിറ്റേന്ന് പുതുവസ്ത്രങ്ങണിഞ്ഞ് ഇറങ്ങി. വഴിയില്‍ വച്ച് നമ്പര്‍ തിരുത്തി, ഇടയ്ക്ക് വീണ്ടും വസ്ത്രം മാറി. ഇങ്ങനെ പോലീസ്പിടിക്കാതിരിക്കാന് പലതരത്തില്‍ വേഷം മാറിയെങ്കിലും പോലീസിന്റെ ശ്രമകരമായ പരിശ്രമമാണ് ഏഴു ദിവസം കൊണ്ട് ഫലം കണ്ടത്. കാട്ടൂര്‍ ഇന്‍സ്പെക്ടര്‍ ജയേഷ് ബാലന്, എ.എസ്.ഐ. ശ്രീജിത്ത്, സീനിയര്‍ സി പി.ഒ മാരായ ഇ.എസ്. ജീവന് , ധനേഷ്, ചോമ്പാല സ്റ്റേഷനിലെ സീനിയര്‍ സി.പി. ഒ സുമേഷ് എന്നിവര്‍ ഇയാളെ വടകരയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. രാത്രി ഇയാളുടെ നീക്കങ്ങള്‍ മനസ്സിലാക്കിയ ശേഷമാണ് പുലര്‍ച്ചെ പിടികൂടിയത്.