ഭീഷണിയായി ഉപയോഗശൂന്യമായ ജലസംഭരണി; തലയ്ക്കു മുകളില്‍ അപകടം
ഇരിങ്ങാലക്കുട: മാര്‍ക്കറ്റ് ജംഗ്ഷന് സമീപത്തെ ഉപയോഗശൂന്യമായ ജലസംഭരണി അപകടഭീഷണി ഉയര്‍ത്തുന്നു. മാര്‍ക്കറ്റില്‍ കുരിശങ്ങാടിയിലെ ജലസംഭരണിയാണ് ഇരുമ്പുതൂണുകള്‍ ദ്രവിച്ചു ഏതുസമയവും നിലംപൊത്താമെന്ന സ്ഥിതിയില്‍ നില്‍ക്കുന്നത്. വാട്ടര്‍ അഥോറിറ്റി നിലവില്‍ വരുന്നതിനുമുമ്പ് പബ്ലിക് ഹെല്‍ത്ത് എന്‍ജിനീയറിംഗ് വകുപ്പായിരുന്ന സമയത്താണ് ടാങ്ക് സ്ഥാപിച്ചത്. ഇതിനടുത്തുള്ള കിണറ്റില്‍നിന്ന് വെള്ളം ടാങ്കിലേക്ക് എത്തിച്ചായിരുന്നു വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും കുടിവെള്ളം വിതരണം ചെയ്തിരുന്നത്. പിന്നീടത് വാട്ടര്‍ അഥോറിറ്റിക്ക് കൈമാറി. നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ജലസംഭരണി പിന്നീട് ഉപയോഗശൂന്യമായി. കിണറും സമീപത്തുള്ള ജലസംഭരണിയുടെ തൂണുകളും കാടുകയറി. തൂണുകളെല്ലാം കാലപ്പഴക്കംകൊണ്ട് തുരുമ്പെടുത്ത ദ്രവിച്ച അവസ്ഥയിലാണ്. സമീപത്തെ വീടുകള്‍ക്കും മാര്‍ക്കറ്റ് തൊഴിലാളികള്‍ക്കും റോഡിലൂടെ യാത്രചെയ്യുന്ന വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്കും വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇതിന്റെ കാലുകള്‍ ഏതു സമയവും തകര്‍ന്നുവീഴാവുന്ന അവസ്ഥയിലാണ്. ഈ ജലസംഭരണിക്ക് താഴെയാണ് മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളികളുടെ വിശ്രമകേന്ദ്രം. വിദ്യാര്‍ഥികള്‍ അടക്കം നൂറുകണക്കിനുപേര്‍ ദിവസവും യാത്രചെയ്യുന്ന റോഡാണ് സമീപം. ജലസംഭരണി വീണാല്‍ റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ക്കും അപകടം സംഭവിക്കാം. കിണര്‍ ശുചീകരിക്കാന്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് തൊഴിലാളികള്‍ ആരോപിച്ചു. മാര്‍ക്കറ്റിലെ അപകടാവസ്ഥയിലായ ജലസംഭരണി പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭയ്ക്കും വാട്ടര്‍ അഥോറിറ്റിക്കും കത്ത് നല്‍കിയിട്ടുണ്ടെന്ന് കൊണ്‍സിലര്‍ കൗണ്‍സിലര്‍ പി.ടി. ജോര്‍ജ് പറഞ്ഞു. മഴക്കാലമായതോടെ ശക്തമായ കാറ്റില്‍ ടാങ്ക് നിലംപൊത്താനുള്ള സാധ്യതയാണെന്നും ഇക്കാര്യത്തില്‍ അധികാരികളുടെ ഭാഗത്തുനിന്ന് അടിയന്തര നടപടി ഉണ്ടാകണമെന്നും കൗണ്‍സിലര്‍ ആവശ്യപ്പെട്ടു. അതേസമയം ജലസംഭരണി പൊളിച്ചുനീക്കാനുള്ള സര്‍വേ റിപ്പോര്‍ട്ട് പൂര്‍ത്തിയായിട്ടുണ്ടെന്ന് വാട്ടര്‍ അഥോറിറ്റി അറിയിച്ചു. ഓപ്ഷന് ആകുന്നതോടെ ടാങ്ക് പൊളിച്ചുമാറ്റുമെന്നും വാട്ടര്‍ അഥോറിറ്റിവ്യക്തമാക്കി.