സ്വകാര്യ ബസുകളുടെ അമിതവേഗതയെക്കുറിച്ചു രൂക്ഷവിമര്‍ശനം, മുകുന്ദപുരം താലൂക്ക് വികസനസമിതി
രാഷ്ട്രീയ ഇടപെടലുകള്‍ തടസമാകുന്നുവെന്നു ഉദ്യോഗസ്ഥന്
ഇരിങ്ങാലക്കുട: തൃശൂര്‍ – കൊടുങ്ങല്ലൂര്‍ റൂട്ടിലെ സ്വകാര്യ ബസുകളുടെ അമിത വേഗതയെക്കുറിച്ചും റൂട്ടില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗത്തില്‍ വിമര്‍ശനം. കോണ്‍ഗ്രസ് പ്രതിനിധി ആന്റോ പെരുമ്പിള്ളിയാണ് വിഷയം ഉന്നയിച്ചത്. ഇതുബന്ധിച്ച് ചേര്‍ന്ന യോഗത്തിലെ തീരുമാനങ്ങള്‍ അറിയിക്കണമെന്നും റൂട്ടില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകള്‍ സംബന്ധിച്ച് മറുപടികള്‍ ലഭിക്കുന്നില്ലെന്നും താലൂക്ക് സമിതി യോഗങ്ങള്‍ പ്രഹസനമായി മാറിയ അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. അപകടരമായ ഡ്രൈവിംഗ് തന്നെയാണ് പലപ്പോഴും നടക്കുന്നതെന്നും തെളിവും പരാതിയും ഉണ്ടെങ്കില്‍ കര്‍ശന നടപടികള്‍ തന്നെ സ്വീകരിക്കാമെന്നും എന്നാല്‍ ചില കേസുകളില്‍ രാഷ്ട്രീയ, യൂണിയന് ഇടപെടലുകള്‍ തടസമായി മാറുകയാണെന്നും യോഗത്തില്‍ പങ്കെടുത്ത മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന് പറഞ്ഞു. കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ അമിതവേഗതയുടെ പേരില്‍ എത്ര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കണമെന്ന് മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ആവശ്യപ്പെട്ടു. തൃശൂര്‍ – കൊടുങ്ങല്ലൂര്‍ റൂട്ടിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ കെഎസ്ടിപി ഉദ്യോഗസ്ഥന് യോഗത്തിന് എത്താതിരുന്നതും വിമര്‍ശനവിധേയമായി. യോഗവിവരം അറിയിച്ചിരുന്നതായി മന്ത്രിയുടെ പ്രതിനിധി വിശദീകരിച്ചു. റോഡ് നവീകരണ പ്രവൃത്തികളെ തുടര്‍ന്ന് വെള്ളാങ്ങല്ലൂര്‍ ജംഗ്ഷനില്‍ പോലീസിനെ ഡ്യൂട്ടിക്ക് ഇടാമെന്ന് ജൂണിലെ സമിതി യോഗത്തില്‍ നല്കിയ ഉറപ്പു പാലിച്ചിട്ടില്ലെന്നും നാലമ്പല വാഹനങ്ങളുടെ തിരക്കിനെ തുടര്‍ന്ന് സ്ഥിതി കൂടുതല്‍ വഷളായിയിരിക്കുകയാണെന്നും വിമര്‍ശനം ഉയര്‍ന്നു. താലൂക്ക് ആശുപത്രിയില്‍ ഫൊറന്‍സിക് സര്‍ജന്റെ തസ്തിക സൃഷ്ടിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം യോഗം അംഗീകരിച്ചു. ഇക്കാര്യത്തില്‍ രാഷ്ട്രീയ ഇടപെടലുകള്‍ വേണ്ടിവരുമെന്നും അനുബന്ധ തസ്തികകളും സ്യഷ്ടിച്ചാല്‍ മാത്രമേ പോലീസ് സര്‍ജന്റെ സേവനം കൃത്യമായി പ്രയോജനപ്പെടുത്താന്‍ കഴിയുകയുള്ളൂവെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ശിവദാസ് ചൂണ്ടിക്കാട്ടി. താലൂക്ക് ആശുപത്രി ജനറല്‍ ആശുപത്രിയായി ഉയര്ത്തിയെനന് പ്രഖ്യാപനമുണ്ടെങ്കിലും രേഖകളില്‍ താലൂക്ക് ആശുപത്രിയായി തുടരുകയാണെന്നും സൂപ്രണ്ട് പറഞ്ഞു. പട്ടയ അസംബ്ലിക്കുശേഷം ലഭിച്ച അപേക്ഷകള്‍ സംബന്ധിച്ച് വിവര ശേഖരണത്തിന് വില്ലേജ് ഓഫീസര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടിയായി തഹസില്‍ദാര്‍ അറിയിച്ചു. അന്യ സംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ താലൂക്ക് അടിസ്ഥാനത്തിലുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ അധ്യക്ഷതവഹിച്ചു. നഗരസഭ വൈസ് ചെയര്മാന് ടി.വി. ചാര്‍ലി, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ്. തമ്പി, സീമ പ്രേംരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.