ബസ് സ്റ്റാന്‍ഡില്‍ സ്ഥലമില്ല; ജില്ലാ പഞ്ചായത്തിന്റെ സ്ഥലം ആവശ്യപ്പെട്ട് ബസുടമകള്‍
ഇരിങ്ങാലക്കുട: സ്ഥലപരിമിതി മൂലം സ്റ്റാന്‍ഡില്‍ ബുദ്ധിമുട്ടുന്നതിനാല്‍ ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ ജില്ലാ പഞ്ചായത്തിന്റെ സ്ഥലം ആവശ്യപ്പെട്ട് ബസുടമകള്‍. ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിനോടു ചേര്‍ന്ന് ജില്ലാ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഫാഷന്‍ ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനു പിറകില്‍ കാടുകയറിക്കിടക്കുന്ന സ്ഥലത്ത് പാര്‍ക്കിംഗ് അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ജില്ലാ പഞ്ചായത്തിനെ സമീപിച്ചിരിക്കുന്നത്.
ഇരിങ്ങാലക്കുട ബസ്റ്റാൻഡിലൂടെ ദിനംപ്രതി 350-ഓളം ബസുകള്‍ സര്‍വീസ് നടത്തിവരുന്നുണ്ട്. എന്നാല്‍, ഇരിങ്ങാലക്കുടയില്‍ റെസ്റ്റുള്ള ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യാല്‍ സ്ഥലമില്ലാതെ മറ്റ് സ്ഥലങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. കൂടുതല്‍ സമയം ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ലെന്നാണ് പോലീസ് നിര്‍ദേശം. മാത്രമല്ല, അത് മറ്റു ബസുകളുടെ പാര്‍ക്കിങ്ങിനെ ബാധിക്കുകയും ചെയ്യും. അതിനാല്‍ റസ്റ്റ് ബസുകള്‍ ബൈപാസ് റോഡിലും കാട്ടൂര്‍ റോഡിലുമൊക്കെയാണ് ഇപ്പോള്‍ പാര്‍ക്ക് ചെയ്യുന്നത്.
റോഡരികുകളില്‍ ബസുകളിടുന്നത് പലപ്പോഴും ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ടെന്ന് ബസുടമകള്‍ പറഞ്ഞു. നിലവില്‍ ചെറിയ വാഹനങ്ങള്‍ക്കുപോലും പാര്‍ക്കിങ്ങിന് സ്ഥലമില്ലാതെ വീര്‍പ്പുമുട്ടുന്ന അവസ്ഥയിലാണ് ഇരിങ്ങാലക്കുട.
അതിനാല്‍ ബസ് സ്റ്റാന്‍ഡിനോടു ചേര്‍ന്നുള്ള ജില്ലാ പഞ്ചായത്ത് സ്ഥലത്ത് കാടുകയറിക്കിടക്കുന്ന ഭാഗം വൃത്തിയാക്കി സ്വകാര്യ സ്റ്റേജ് കാര്യേജ് ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കണമെന്ന് അസോസിയേഷന് ജില്ലാ പഞ്ചായത്തിനോട് ആവശ്യപ്പെട്ടു.
ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാതെ ബുദ്ധിമുട്ടുന്ന അവസ്ഥയ്ക്ക് അതോടെ പരിഹാരമാകുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസിനെക്കണ്ട അസോസിയേഷന് ജില്ലാ പ്രസിഡന്റ് എം.എസ്. പ്രേംകുമാര്‍, ജില്ലാ സെക്രട്ടറി സേതുമാധവന്, ഇരിങ്ങാലക്കുട മേഖല സെക്രട്ടറി വി.വി. അനില്‍കുമാര്‍ എന്നിവര്‍ ബോധ്യപ്പെടുത്തി.
ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും ഭാരവാഹികള്‍ പി.കെ. ഡേവീസിനോട് അഭ്യാര്‍ഥിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് ഭാരവാഹികള്‍ ജില്ലാ പഞ്ചായത്തിന് നിവേദനം നല്കി.