മന്ത്രിയുടെ നിര്‍ദേശങ്ങള്‍ക്കു പുല്ലു വില കല്പിച്ച് ബസ് ജീവനക്കാര്‍
മന്ത്രിയുടെ നിര്‍ദേശങ്ങള്‍ക്കു പുല്ലു വില കല്പിച്ച് ബസ് ജീവനക്കാര്‍
സ്വകാര്യ ബസ്സുകളുടെ അമിത വേഗതയില്‍ നിന്ന് ജനപ്രതിനിധികള്‍ക്കും രക്ഷയില്ല.
ബസ് ഡ്രൈവര്‍ക്ക് മാപ്പും മുന്നറിയിപ്പും നല്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
ഇരിങ്ങാലക്കുട: സ്വകാര്യ ബസുകളുടെ അമിത വേഗതയില്‍ നിന്ന് ജനപ്രതിനിധികള്‍ക്കും രക്ഷയില്ല. അമിത വേഗതയില്‍ എത്തിയ ബസിന്റെ മുന്നില്‍ നിന്ന് കാറില്‍ തൃശൂരിലെ യോഗത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലനും ഡ്രൈവറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് . ഇന്നലെ നടന്ന് താലൂക്ക് വികസന സമിതി യോഗത്തില്‍ ബസുകളുടെ അമിത വേഗത സംബന്ധിച്ച ചര്‍ച്ചയ്ക്കിടയില്‍ ബ്ലോക്ക് പ്രസിഡന്റ്് ലളിത ബാലന് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെ ആയിരുന്നു സംഭവം. കരുവന്നൂര്‍ വലിയ പാലം കടന്ന് ഇരിങ്ങാലക്കുടയിലേക്ക് വരികയായിരുന്ന തങ്ങള്‍ സഞ്ചരിച്ചിരുന്ന കാറിന്റെ മുന്നിലേക്ക് തെറ്റായ ദിശയില്‍ അലിനാസ് എന്ന സ്വകാര്യ ബസ് വരികയായിരുന്നുവെന്നും ഡ്രൈവര്‍ വണ്ടി പെട്ടെന്ന് ഒതുക്കിയത് കൊണ്ട് അപകടത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും തങ്ങളുടെ വാഹനത്തിനു മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയും ഇരു ചക്രവാഹനവും തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്നും സംഭവം സ്യഷ്ടിച്ച നടുക്കത്തിന്റെ ഓര്‍മ്മയില്‍ പ്രസിഡന്റ്് യോഗത്തില്‍ പറഞ്ഞു. യോഗത്തിന് ശേഷം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടത് അനുസരിച്ച് എത്തിയ ബസ് ഡ്രൈവര്‍ ഷമീര്‍ മാപ്പാക്കണമെന്നും രണ്ട് മക്കളുണ്ടെന്നും വാടക വീട്ടിലാണ് താമസമെന്നും പ്രസിഡന്റിനോട് പറഞ്ഞു. പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുണ്ടെന്ന് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ റൂട്ടിലെ അമിത വേഗതയെ സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് മന്ത്രി യോഗം വിളിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയത്.